Headlines

‘എന്ത് വഴിവിട്ട സഹായമാണ് താൻ ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണം; പച്ചക്കള്ളം പറഞ്ഞ് ഷാജൻ സ്കറിയയെ അജിത് കുമാർ രക്ഷിക്കുകയായിരുന്നു’; പി വി അൻവർ

എ ഡി ജി പി എം ആർ അജിത്കുമാർ വിജിലൻസിന് മുന്നിൽ നൽകിയ മൊഴിയിൽ പ്രതികരണവുമായി പി വി അൻവർ. അജിത്കുമാറുമായി കൂടിക്കാഴ്ച നടത്തിയതായി പി വി അൻവർ സ്ഥിരീകരിച്ചു. യുട്യൂബർ ഷാജൻ സ്കറിയ കോഴിക്കോട് പൊലീസ് കമ്മീഷ്ണറുടെയും കൊച്ചി കമ്മീഷ്ണറുടെയും വയർലെസ് സന്ദേശങ്ങൾ ചോർത്തിയ സംഭവത്തിലാണ് ചർച്ച നടത്താനാണ് കൂടിക്കാഴ്ച നടത്തിയതെന്ന പി വി അൻവർ പറഞ്ഞു.

അജിത്കുമാർ തന്നെ ചതിക്കുകയായിരുന്നു. യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്കെതിരെ നടപടിയെടുക്കാൻ എം ആർ അജിത് കുമാർ തയ്യാറായില്ല. പച്ചക്കള്ളം പറഞ്ഞ് അജിത് കുമാർ ഷാജൻ സ്കറിയയെ രക്ഷിക്കുകയായിരുന്നു.എന്തു വഴിവിട്ട സഹായമാണ് താൻ ആവശ്യപ്പെട്ടതെന്ന് അജിത് കുമാർ വ്യക്തമാക്കണം. തന്റെ താല്പര്യങ്ങൾ എന്താണെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാം.

അജിത്കുമാർ നോട്ടോറിയസ് ക്രിമിനൽ ആണെന്നതിൽ തന്നെയാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്. സർക്കാർ എന്തിനാണ് ഇപ്പോഴും ഇങ്ങനെയുള്ള ആളുകളെ താങ്ങി നിർത്തുന്നത്?ഒറ്റനോട്ടത്തിൽ തന്നെ പൊളിയുന്നതാണ് വിജിലൻസിന്റെ വെള്ള പൂശിയ റിപ്പോർട്ടെന്നും അജിത് കുമാർ ആർഎസ്എസിനും കേന്ദ്രസർക്കാറിനും വേണ്ടി ജോലി ചെയ്യുന്ന ആളാണെന്നും പി വി അൻവർ വ്യക്തമാക്കി.

അതേസമയം, ക്ലീൻചിറ്റ് നൽകിയ വിജിലൻസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്
അതിരൂക്ഷവിമര്‍ശനത്തോടെ കോടതി തള്ളിയതിന് പിന്നാലെയാണ് എം.ആർ
അജിത്കുമാറിന്റെ മൊഴി വിവരങ്ങളുടെ പകർപ്പ് പുറത്തു വന്നത്. പി വി അൻവറുമായി സുഹൃത്തിന്റെ വീട്ടിൽ വെച്ച് അനുനയ ചർച്ച നടത്തിയെന്നാണ് മൊഴി. അൻവർ ഉന്നയിച്ച സംശയങ്ങൾ ദുരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.
തനിക്കെതിരായുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ പൊലീസുദ്യോഗസ്ഥരടങ്ങിയ ഗൂഢാലോചനയെന്നും തനിക്കെതിരായ വ്യാജരേഖകള്‍ ചമച്ചത് പൊലീസില്‍ നിന്നെന്നും അജിത് കുമാര്‍ മൊഴിയിൽ ആരോപിക്കുന്നുണ്ട്. അന്വേഷണം വേണമെന്നും അജിത്കുമാര്‍ ആവശ്യപ്പെട്ടു. ആരോപണം ഉന്നയിച്ചത് പി വി അന്‍വറിന്‍റെ വഴിവിട്ട ഇടപാടുകള്‍ക്ക് വഴങ്ങാത്തതിനാലാണെന്നും മൊഴിയിൽ പറയുന്നുണ്ട്. ഫ്ളാറ്റ് മറിച്ചുവിറ്റ് ലാഭം നേടിയിട്ടില്ലെന്നും വീട് നിര്‍മിക്കുന്നത് ഭാര്യാപിതാവ് നല്‍കിയ ഭൂമിയില്‍ ആണെന്നും മൊഴിയിൽ അജിത് കുമാർ പറയുന്നു.