തമിഴ്നാട്ടിലെ ശിവഗംഗയിൽ ക്ഷേത്ര ജീവനക്കാരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പരാതിക്കാരിയായ യുവതിയുടെ മൊഴികളിൽ വൈരുദ്ധ്യം. ക്ഷേത്ര ജീവനക്കാരനായ അജിത് കുമാർ കാറിൽ നിന്ന് 6 പവന്റെ സ്വർണം മോഷ്ടിച്ചെന്ന പരാതിയിൽ യുവതി സിബിഐക്കും പൊലീസിനും നൽകിയ മൊഴികളിലാണ് വൈരുദ്ധ്യമുള്ളതായി കണ്ടെത്തിയത്. യുവതിയുടെ പരാതിയിൽ ആദ്യം മുതലേ വ്യക്തത കുറവുണ്ടായിരുന്നു. യുവതിയുടെ പരാതിയിൽ സിബിഐ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് വൈരുദ്ധ്യം കണ്ടെത്തിയത്.നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി കൂടിയാണ് പരാതിക്കാരി.
തന്റെ കാർ പാർക്ക് ചെയ്യാൻ നൽകി ഏറെ നേരം കഴിഞ്ഞാണ് അജിത് കുമാർ താക്കോൽ തിരികെ നൽകിയതെന്നും കാറുമായി ഇയാൾ പുറത്തേക്ക് പോയെന്നുമായിരുന്നു പരാതിക്കാരി നിഖിത സിബിഐക്ക് നൽകിയ മൊഴി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അജിത് കുമാർ 2 മിനിട്ടിനുള്ളിൽ താക്കോൽ തിരികെ നൽകുന്നതായി കണ്ടെത്തിയിരുന്നു. മാത്രമല്ല പാർക്കിങ് ഏരിയ വിട്ട് കാറുമായി ആരും പുറത്തേക്ക് പോയിട്ടില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു.
അതേസമയം, നേരത്തെ പൊലീസ് മർദ്ദനത്തെ തുടർന്നാണ് അജിത് കുമാർ കൊല്ലപ്പെട്ടതെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കേസിലെ സിബിഐ അന്വേഷണം ഓഗസ്റ്റ് 20 നുള്ളിൽ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വ്യാജ മോഷണ പരാതിയിൽ തിരുഭുവനം പൊലീസാണ് മണ്ഡപുരം ക്ഷേത്ര ജീവനക്കാരനായ അജിത്കുമാറിനെ കസ്റ്റഡിയിൽ എടുത്തത്.പൊലീസുകാര്‍ അജിത്കുമാറിനെ ക്ഷേത്രത്തിന് പുറകില്‍വെച്ച് വടികൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.