Headlines

നാവികസേന ദിനാഘോഷം ഇനി തിരുവനന്തപുരത്ത്, ഡിസംബർ നാലിന് ശംഖുമുഖത്ത് നടക്കും

നാവികസേന ദിനാഘോഷം ഇനി തിരുവനന്തപുരത്ത് നടക്കും. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് മാറ്റി.ഡിസംബർ നാലിന് ശംഖുമുഖത്ത് നടക്കും. ഡിസംബർ നാലിനു നടക്കുന്ന ആഘോഷത്തിൽ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആയിരിക്കും മുഖ്യാതിഥി. സേനയുടെ ആയുധക്കരുത്തിന്റെയും പ്രതിരോധ ശേഷിയുടെയും കാഴ്ചവിരുന്നൊരുക്കുന്ന അഭ്യാസപ്രകടനങ്ങളും അരങ്ങേറും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്താനാണു സാധ്യത. തിരുവനന്തപുരത്തിനു നറുക്കുവീണാൽ നഗരം ആതിഥ്യം വഹിക്കുന്ന ഏറ്റവും വലിയ നാവികസേനാ പരിപാടിയായിരിക്കുമത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നാവികസേനയുടെ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും മറ്റു സന്നാഹങ്ങളും ഇവിടെയെത്തും. ആഘോഷത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ സേനാ വിമാനങ്ങളുടെ പരിശീലനപ്പറക്കലുമുണ്ടാകും.

സ്ഥിരമായി ഡൽഹിയിൽ നടത്തിയിരുന്ന സേനാദിനാഘോഷം 2022 മുതലാണ് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കു മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. വിശാഖപട്ടണം (2022), മഹാരാഷ്ട്രയിലെ സിന്ധുദുർഗ് (2023), ഒഡീഷയിലെ പുരി (2024) എന്നിവിടങ്ങളിലായിരുന്നു. മറ്റു നഗരങ്ങളിലുള്ളവർക്കു നാവികസേനയുടെ സന്നാഹങ്ങൾ നേരിൽ കാണാൻ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.