Headlines

ട്രംപ്-പുടിൻ കൂടിക്കാഴ്ച ഇന്ന്; ഇന്ത്യയ്ക്കും നിർണായകം

യുക്രെയ്ൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്- റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ നിർണായക കൂടിക്കാഴ്ച ഇന്ന് അലാസ്കയിൽ. അലാസ്‌കയിലെ ഉച്ചകോടി ഫലപ്രദമായാൽ റഷ്യയും യുക്രെയ്‌നും അമേരിക്കയുടെ മധ്യസ്ഥതയിൽ വൈകാതെ ത്രികക്ഷി ചർച്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അലാസ്കയിലെ സേനാതാവളത്തിലാണ്‌ കൂടിക്കാഴ്‌ച. നാലുവർഷത്തിനുശേഷമാണ് റഷ്യ-–യുഎസ് രാഷ്ട്രത്തലവന്മാർ നേരിട്ടുകാണുന്നത്.

ചർച്ച ഫലം കാണുകയാണെങ്കിൽ റഷ്യയുടെമേല്‍ അമേരിക്ക ചുമത്തിയിട്ടുള്ള ഉപരോധങ്ങളും റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കുമേല്‍ ചുമത്തിയ ശിക്ഷാ തീരുവയിലടക്കം
മാറ്റം ഉണ്ടായേക്കും. ചർച്ച പരാജയപ്പെടുകയാണെങ്കിൽ ഇന്ത്യക്കുമേൽ കൂടുതൽ തീരുവകളോ ഉപരോധമോ ചുമത്തിയേക്കാമെന്ന്‌ യുഎസ്‌ ട്രഷറി സെക്രട്ടറി സ്‌കോട്ട്‌ ബെസന്റ്‌ വെളിപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച ചർച്ചയ്‌ക്കുശേഷവും യുക്രയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ റഷ്യ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. സമാധാന കരാറിൽ ചില പ്രദേശങ്ങളുടെ കൈമാറ്റവും ഉൾപ്പെടുമെന്ന സൂചന ട്രംപ്‌ പങ്കുവച്ചു. എന്നാൽ, ഭൂമി കൈമാറിയുള്ള ഒത്തുതീർപ്പിന് തയ്യാറല്ലെന്നാണ് യുക്രയ്‌ൻ പ്രസിഡന്റ്‌ വൊളോദിമിർ സെലൻസ്‌കിയുടെ പ്രതികരണം.