Headlines

മുംബൈയില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്നത് നിയന്ത്രിക്കാനുള്ള തീരുമാനം; എതിര്‍ത്ത് ജൈനമത വിശ്വാസികള്‍; അനുകൂലിച്ച് മറാഠാ ഏകീകരണ്‍ സമിതി; അക്രമാസക്തമായി മാര്‍ച്ചുകള്‍

പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന കബൂത്തര്‍ ഖാനകള്‍ അടച്ചുപൂട്ടാനുള്ള മുംബൈ കോര്‍പ്പറേഷന്‍ തീരുമാനത്തെ എതിര്‍ത്ത് ജൈനമത വിശ്വാസികളും അനുകൂലിച്ചു മറാഠാ ഏകീകരണ്‍ സമിതിയും രംഗത്ത് എത്തിയതോടെ പ്രതിഷേധം തെരുവിലേക്ക് വ്യാപിച്ചു. ദാദറിലെ ഖാനയിലേക്ക് മറാഠ ഏകീകരണ്‍ സമിതി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് ജൈന മതവിശ്വാസികളും മുന്നറിയിപ്പ് നല്‍കി.

മുംബൈയില്‍ പ്രാവുകള്‍ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതില്‍ പ്രധാനകാരണം തീറ്റ കൊടുക്കുന്ന ഇടങ്ങളായ കബൂത്തര്‍ ഖാനകളാണ്. പ്രാവുകളിലൂടെ പകരുന്ന ശ്വാസകോശ രോഗങ്ങള്‍ കണക്കിലെടുത്താണ് കബൂത്തര്‍ ഖാനകള്‍ അടയ്ക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. രാത്രിയില്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് മുടിയ കബൂത്തര്‍ഖാന ജൈനമത വിശ്വാസികള്‍ വീണ്ടും തുറന്നിരുന്നു. പിന്നീട് കോര്‍പ്പറേഷന്‍ ഇത് വീണ്ടും അടപ്പിച്ചു. ഇവിടേക്കാണ് മറാഠാ ഏകീകരണ്‍ സമിതി മാര്‍ച്ച് നടത്തി എത്തിയത്. കബുത്തര്‍ ഖാനകള്‍ തുറക്കരുതെന്നും തുറപ്പിക്കാന്‍ ശ്രമിച്ച ജൈനമതക്കാര്‍ക്ക് എതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വര്‍ഷങ്ങളായി പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നതാണെന്നും അതിനു മതപരമായി കൂടി ബന്ധമുണ്ടെന്നും ആണ് ജൈനമതസ്തരുടെ നിലപാട്. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികളില്‍ അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങുമെന്ന് ജൈന സന്യാസി മുനി നിലേഷ് ചന്ദ്ര വിജയ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.