മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് അവസാന അവസരം നല്‍കി ഹൈക്കോടതി. തീരുമാനം സെപ്റ്റംബര്‍ പത്തിനകം അറിയിക്കാനാണ് നിര്‍ദേശം. വായ്പ എഴുതി തള്ളുന്നതില്‍ കേന്ദ്രം തീരുമാനം അറിയിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്.
ഓണ അവധിക്കുശേഷം തീരുമാനം അറിയിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നത്. ദുരിതബാധിതരുടെ വായ്പ നേരത്തെ കേരള ബാങ്ക് എഴുതിത്തള്ളിയിരുന്നു. ഇതേ രീതിയില്‍ എന്തുകൊണ്ട് കേന്ദ്രത്തിനും വായ്പകളുടെ ഭാരം ദുരന്തബാധിതരില്‍ നിന്ന് ഒഴിവാക്കിക്കൂടാ എന്നായിരുന്നു കോടതിയുടെ ചോദ്യം.
വായ്പ്പ എഴുതിത്തള്ളുന്നതില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിച്ചിരുന്നു. അഡീഷണല്‍ സൊളിസിറ്റര്‍ ജനറലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ തീരുമാനമെടുക്കാന്‍ അവസാനമായി ഒരവസരം കൂടി നല്‍കുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെപ്തംബര്‍ 10നകം അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.