മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട തുക സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജനും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും. വീടുകള്‍ക്ക് തുക നിശ്ചയിച്ചു എന്ന് പ്രചരിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല എന്ന് റവന്യൂ മന്ത്രി പറഞ്ഞു. ആരോപണത്തിന്റെ പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.
ദുരന്തബാധിതരുടെ ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയും നിര്‍മ്മാണ കരാറുകാരനുമായ ഷാജിമോന്‍ ചൂരല്‍മലയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന്റെ തുടക്കമിട്ടത്. താന്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന് 15 ലക്ഷം രൂപയില്‍ താഴെ മാത്രമേ വന്നിട്ടുള്ളൂവെന്നും ഊരാളുങ്കല്‍ സൊസൈറ്റി നിര്‍മിച്ചു നല്‍കുന്ന വീടിന് 30 ലക്ഷം രൂപയാണ് എന്നുമായിരുന്നു ആരോപണം. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പോസ്റ്റ് പങ്കുവയ്ക്കുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതോടെ സംഭവം വലിയ വിവാദമായി. സ്‌പോണ്‍സര്‍മാര്‍ 20 ലക്ഷം രൂപ തന്നാലും നിങ്ങള്‍ക്ക് 30 ലക്ഷത്തിന്റെ വീട് നിര്‍മിച്ചുനല്‍കുമെന്ന് മന്ത്രി തങ്ങളോട് നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു വിവാദത്തിന് പിന്നാലെ ഷാജിമോന്‍ ചൂരല്‍മലയുടെ വിശദീകരണം.
വീടിന് മുപ്പത് ലക്ഷം രൂപ എന്ന തുക സര്‍ക്കാര്‍ ഇതുവരെ യുഎല്‍സിസിയോട് പറഞ്ഞിട്ടില്ല എന്നായിരുന്നു കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സി ഓ ഓ അരുണ്‍ ബാബു പ്രതികരിച്ചത്. ടൗണ്‍ഷിപ്പിനായി 299 കോടി രൂപയ്ക്കാണ് കരാര്‍. 24 മണിക്കൂറും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തോടെയാണ് നിര്‍മ്മാണം. നിര്‍മ്മാണ രീതിയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും യുഎല്‍സിസി തയാറാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
: