Headlines

സുരേഷ് ഗോപിക്കെതിരായ പരാതി: വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് പൊലീസ് കത്തയക്കും; ഉടന്‍ കേസെടുക്കേണ്ടെന്ന് തീരുമാനം

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ പൊലീസ് വരണാധികാരി കൂടിയായ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് കത്തയക്കും. നിലവില്‍ കിട്ടിയ പരാതികളില്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനങ്ങള്‍ മാത്രമാണുണ്ടായതെന്നാണ് പൊലീസ് നിഗമനം. ഉടന്‍ കേസെടുക്കേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. വിഷയത്തില്‍ നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചിരുന്നു

മുന്‍ എംപി ഒരു കേന്ദ്രമന്ത്രിയ്‌ക്കെതിരെ നല്‍കിയിരിക്കുന്ന ഹൈ പ്രൊഫൈല്‍ വിഷയമായതിനാല്‍ അതീവ ജാഗ്രതയോടെ നീങ്ങാനാണ് പൊലീസിന്റെ തീരുമാനം. എഡിജിപി വെങ്കിടേഷ്, തൃശ്ശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ എന്നിവരുടെ പങ്കെടുത്ത യോഗത്തിലാണ് പൊലീസ് നിര്‍ണായക തീരുമാനങ്ങള്‍ എടുത്തിരിക്കുന്നത്.

അതേസമയം, വ്യാജ വോട്ട് വിവാദത്തില്‍ സിപിഐഎം-ബിജെപി പോരിന് പിന്നാലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തും. രാവിലെ ഒമ്പതരയോടെ മണ്ഡലത്തിലെത്തും. പരുക്കേറ്റ പ്രവര്‍ത്തകരെ കാണും. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചില്‍ സുരേഷ് ഗോപി പങ്കെടുക്കും. നഗരത്തില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.