Headlines

താത്കാലിക വൈസ് ചാൻസലർ നിയമനം; ‘ഗവർണറുടെ ഉത്തരവ് റദ്ദാക്കണം’; സർക്കാർ സുപ്രീംകോടതിയിൽ

താത്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ. ഡോ സിസ തോമസിന്റെയും, ഡോ കെ ശിവപ്രസാദിന്റെയും നിയമനം ചട്ട വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. താൽക്കാലിക വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി നാളെ വീണ്ടും പരി​ഗണിക്കാനിരിക്കെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ചാൻസിലറായ ഗവർണറുടെ ഹർജി. ഗവർണറുടെ ഉത്തരവ് റദ്ദാക്കണം എന്നുള്ളതാണ് സർക്കാരിന്റെ പ്രധാന ആവശ്യം. നേരത്തെ ഹർജി പരി​ഗണിച്ചപ്പോൾ സ്ഥിര വിസിമാരെ നിയമിക്കുന്നത് വരെ നിലവിലെ താൽക്കാലിക വിസിമാർക്ക് വീണ്ടും നിയമനം നൽകാനോ അല്ലെങ്കിൽ അവരെ വീണ്ടും സ്ഥാനത്ത് തുടരാനുള്ള പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാനും ഗവർണറോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

സംസ്ഥാന സർക്കാർ അതിനെ എതിർത്തുകൊണ്ടാണ് ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനങ്ങൾ റദ്ധാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് ഗവർണർ സുപ്രീംകോടതിയെ സമീപിച്ചത്.