Headlines

വിഭജന ഭീതി ദിനം; ‘ ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹം; നിലപാട് ഭരണഘടനാ വിരുദ്ധം’; മുഖ്യമന്ത്രി പിണറായി വിജയന്‍

ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന സര്‍ക്കുലര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് അയച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന് എഴുപത്തിയെട്ടു വയസാകുമ്പോള്‍ ആഗസ്റ്റ് 15ന് പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടേതാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് വൈദേശിക ശക്തികള്‍ക്കെതിരെ പോരാടാന്‍ താല്പര്യം കാട്ടാതെ ”ആഭ്യന്തര ശത്രുക്കള്‍”ക്കെതിരെ പട നയിക്കാന്‍ ഊര്‍ജ്ജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനെന്നവണ്ണം വിഭജനഭീതിയുടെ ഓര്‍മ്മ ദിനമാചരിക്കാന്‍ ആഹ്വാനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 സാമ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും അതിനെ നേരിടാന്‍ ബ്രിട്ടീഷുകാര്‍ അഴിച്ചുവിട്ട കൊടും ക്രൂരതകളുടെയും ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടീഷ് വൈസ്രോയിയെ നേരില്‍ ചെന്നു കണ്ട് പിന്തുണയറിയിക്കുകയും തങ്ങള്‍ ബ്രിട്ടീഷ് രാജിനെതിരല്ലെന്നു വ്യക്തമാക്കുകയും ചെയ്ത അതേ മാനസികാവസ്ഥയില്‍ ഇന്നും ജീവിക്കുന്നവരാണ് സംഘപരിവാറുകാര്‍. ഇന്ത്യയിലെ നാനാജാതി മതസ്ഥരും ഒരുമിച്ചു നിന്ന ദേശീയ സ്വാതന്ത്ര്യസമരത്തോട് മുഖംതിരിഞ്ഞു നിന്ന രാഷ്ട്രീയം അതേപടി പിന്‍പറ്റുന്നവരാണ് ഇപ്പോള്‍ വിഭജന ഭീതിയെക്കുറിച്ച് പറയുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിന്റെ കൂടി ഫലമാണ് ഇന്ത്യാ വിഭജനവും വിഭജനാന്തര കലാപവുമെന്ന് പഴയ ബ്രിട്ടീഷ് ദാസന്മാര്‍ മറന്നുപോവുകയാണ്. ഇന്ത്യാ വിഭജനസമയത്ത് കലാപം ആളിപ്പടര്‍ന്നപ്പോള്‍ തീയണക്കാന്‍ ശ്രമിച്ച മഹാത്മാഗാന്ധിയെ ഉള്‍പ്പെടെ അപഹസിച്ച കൂട്ടരാണ് സംഘപരിവാര്‍ – മുഖ്യമന്ത്രി വ്യക്തമാക്കി.

സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകള്‍ക്കനുസൃതമായ പ്രവര്‍ത്തന പദ്ധതികള്‍ രാജ്ഭവനില്‍ നിന്നും പുറപ്പെടുവിക്കുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും ആഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓര്‍മ്മദിനമായി ആചാരിക്കാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് സര്‍ക്കുലറയച്ച ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സര്‍വകലാശാലകളെ വിട്ടുകൊടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 14ന് സര്‍വകലാശാലകളില്‍ വിഭജന ഭീതി ദിനം ആചരിക്കണം എന്നാണ് ഗവര്‍ണറുടെ വിവാദ സര്‍ക്കുലര്‍. സര്‍വകലാശാലകളില്‍ അന്നേദിവസം ഇത് സംബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തണം. വിദ്യാര്‍ഥികളുടെ പങ്കാളിത്തവും ഉറപ്പാക്കാനാണ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിഷയത്തെ മുന്‍നിര്‍ത്തി സെമിനാറുകള്‍ സംഘടിപ്പിക്കണം. വിഭജനത്തിന്റെ ഭീതി മനസിലാക്കുന്ന നാടകങ്ങള്‍ അവതരിപ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇന്ത്യ – പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് വിഭജന ഭീതിദിനം ആചരിക്കുന്നത്. 2021 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിഭജനഭീതി ദിനം ആചരിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. കഴിഞ്ഞവര്‍ഷം യുജിസിയും സമാനമായ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു.