Headlines

തേവലക്കരയിലെ ബഡ്‌സ് സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല; തിരക്കിട്ട് ഉദ്ഘാടനം നടത്തുന്നതിനെതിരെ നാട്ടുകാര്‍

കൊല്ലം തേവലക്കര പഞ്ചായത്തില്‍ മന്ത്രി എം ബി രാജേഷ് നാളെ ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന ബഡ്‌സ് സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല. ബഡ്‌സ് സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ട്വന്റിഫോറിനോട് പറഞ്ഞു. യാതൊരു സുരക്ഷക്രമീകരണവും നടത്താതെയാണ് ധൃതി പിടിച്ചുള്ള ഉദ്ഘാടനമെന്നും പരാതിയുണ്ട്. പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണ യൂണിറ്റും ബഡ് സ്‌കൂളിനോട് ചേര്‍ന്നെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. തേവലക്കര പഞ്ചായത്ത് ചന്ത സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെയാണ് ബഡ് സ്‌കൂളും സ്ഥിതി ചെയ്യുന്നത്.

കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ബഡ്‌സ് സ്‌കൂളിന്റെ തൊട്ട് മുകളില്‍ കൂടിയാണ് വൈദ്യുതി ലൈന്‍ കടന്നു പോകുന്നതെന്ന പരാതിയുമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അടക്കം ഈ സ്ഥലം സന്ദര്‍ശിക്കുകയും ബഡ്‌സ് സ്‌കൂളിന് നിലവില്‍ ഫിറ്റ്‌നസ് നല്‍കാന്‍ കഴിയില്ലെന്ന വാദം മുന്നോട്ട് വെക്കുകയും ചെയ്തതാണ്. എന്നാല്‍ ഇതിന് ശേഷവും പഞ്ചായത്ത് ഉദ്ഘാടനവുമായി മുന്നോട്ട് പോകുന്നു എന്ന ആക്ഷേപമാണ് പ്രദേശവാസികളും പൊതുപ്രവര്‍ത്തകരും ഉന്നയിക്കുന്നത്.