ആൽഫാ മെയ്ലുകളോട് ആരാധന തോന്നിയിട്ടില്ല, സെൻസിറ്റിവ് കഥാപാത്രങ്ങളെയാണ് ഇഷ്ട്ടം ; അഞ്ജലി മേനോൻ

സിനിമയിലെ ആൽഫാ മെയിൽ കഥാപാത്രങ്ങളോട് ആരാധന തോന്നിയിട്ടില്ല എന്ന് സംവിധായിക അഞ്ജലി മേനോൻ. എപ്പോഴും വളരെ സെന്സിറ്റിവ് ആയ കഥാപാത്രങ്ങളെയാണ് കാണാനും സിനിമക്കായി സൃഷ്ടിക്കാനും എന്നും താൽപര്യമെന്നും അഞ്ജലി മേനോൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“ഒരു സിനിമയുണ്ടാക്കുമ്പോൾ നമ്മൾ എപ്പോഴും നമുക്ക് കാണാൻ ആഗ്രഹിക്കുന്ന ലോകത്തെയാണല്ലോ കെട്ടിപ്പടുക്കാൻ ശ്രമിക്കാറുള്ളത്. സ്വന്തം വികാരങ്ങളെ മറച്ചുപിടിക്കാതെ വെളിവാക്കുന്ന ആളുകളയേണ്‌ ഇഷ്ടം. അതിൽ സ്ത്രീ പുരുഷ ഭേദവുമില്ല. അതുകൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങളെ എന്റെ സിനിമയിൽ കാണിക്കാൻ എനിക്ക് ഇഷ്ട്ടമാണ്. അങ്ങനെയുള്ള വ്യക്തപരമായ പ്രശ്നങ്ങളുമായി ജീവിക്കുന്ന ഒരു കഥാപാത്രത്തെ സിനിമയിൽ കാണാൻ എത്ര മനോഹരമാണ്. അവയൊക്കെ ഇനിയുമധികം കാണണമെന്നുണ്ട് സിനിമയിൽ” അഞ്ജലി മേനോൻ പറയുന്നു.

സിനിമയിലെ അതിമാനുഷ ഭാവം പുലർത്തുന്ന സോകോൾഡ് ആൽഫാ മെയിൽ കഥാപാത്ര വാർപ്പ് സൃഷ്ടികളോട് ആരാധന തോന്നിയിട്ടേയില്ലയെന്നും അഞ്ജലി മേനോൻ കൂട്ടിച്ചേർത്തു. “എപ്പോഴും അത്തരം കഥാപാത്രങ്ങളെ മാത്രം കണ്ട് കണ്ട് പുരുഷമാർക്ക് തന്നെ വളരെ ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളാണ് നമ്മൾ സൃഷ്ടിക്കുന്നത്. അവരുടെ മനസിലുള്ളത് പ്രകടിപ്പിക്കാനും ഒരു ഇടം വേണ്ടേ? മാത്രമല്ല അത് വളരെ ആകർഷണീയവുമാണ്. ഒരു സ്ത്രീയെന്ന നിലയിൽ ഒരു പുരുഷനെ ഏറ്റവും ആകർഷണീയമായ രീതിയിലാകും ഞാനെന്ന സംവിധായിക സ്‌ക്രീനിൽ കാണിക്കുക” അഞ്ജലി മേനോൻ കൂട്ടിച്ചേർത്തു.

ഒപ്പം ഒരു സ്ത്രീ സംവിധായികയെന്ന നിലയിൽ ഇൻഡസ്ട്രിയിൽ തുടക്കകാലത്ത് നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ചും അഞ്ജലി മേനോൻ വാചാലയായി. തന്റെ ചിത്രങ്ങളൊക്കെ വേറെയാരോ ആണ് സംവിധാനം ചെയ്യുന്നത് എന്നെല്ലാം പലരും പറഞ്ഞിരുന്നുവെന്നും, താൻ ഒപ്പം ജോലി ചെയ്യാൻ വളരെ എളുപ്പമുള്ളൊരു വ്യക്തിയല്ലായെന്നുമുള്ള പ്രചാരണങ്ങളൊക്കെ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നുമെല്ലാം അവർ കൂട്ടിച്ചേർത്തു.