പേരാമ്പ്ര മത്സ്യമാർക്കറ്റിൽ ഏറ്റുമുട്ടിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ. കൊവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യം നിലനിൽക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. സംഘർഷ പ്രദേശത്തുണ്ടായിരുന്ന മുഴുവനാളുകളും ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു
ഇവരോട് ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റിന് വിധേയമാകാനും കലക്ടർ നിർദേശിച്ചു. മുസ്ലീം ലീഗ്, സിപിഎം പ്രവർത്തകരാണ് മത്സ്യമാർക്കറ്റിൽ ഏറ്റുമുട്ടിയത്. മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ ചേർന്ന അഞ്ച് പേർ മത്സ്യവിൽപ്പനക്കെത്തിയതോടെ ലീഗ് പ്രവർത്തകരാണ് പ്രശ്നമുണ്ടാക്കിയത്.
കച്ചവടം നടത്താൻ ഇവരെ മുസ്ലിം ലീഗ് അനുവദിച്ചില്ല. ഇതോടെ സിപിഎം പ്രവർത്തകർ ഇത് ചോദ്യം ചെയ്യാനായി കൂട്ടമായി എത്തി. സംഘർഷത്തിൽ പതിനഞ്ചോളം പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തി