Headlines

സാങ്കേതിക സർവകലാശാല പ്രതിസന്ധി; ഫിനാൻസ് കമ്മിറ്റി യോഗം വിളിച്ച് വി സി

സാങ്കേതിക സർവ്വകലാശാല പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഫിനാൻസ് കമ്മിറ്റി യോഗം വിളിച്ച് വൈസ് ചാൻസലർ. സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ ഫിനാൻസ് കമ്മിറ്റി യോഗം ഇന്ന് ചേരും. കെ ടി യു വിൽ ജീവനക്കാരുടെ ശമ്പളവും, പെൻഷനും മുടങ്ങിയിരുന്നു. ഫിനാൻസ് കമ്മിറ്റി കഴിഞ്ഞാൽ സിൻഡിക്കേറ്റ് യോഗം ചേരും. സിൻഡിക്കേറ്റ് ബജറ്റ് അംഗീകാരിച്ചാൽ പ്രതിസന്ധിയ്ക്ക് പരിഹാരമാകും.

സാങ്കേതിക സർവകലാശാലയിൽ ​ഗുരുതര പ്രതിസന്ധിയാണുള്ളത്. സിൻഡിക്കേറ്റ് യോഗം ചേരാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. വാഹനങ്ങൾക്ക് പെട്രോൾ വാങ്ങാൻ പോലും പണം ലഭിക്കാത്ത സാഹചര്യമാണ് സർവകലാശാലയിൽ. സോഫ്റ്റ്‌വെയർ ഇന്റർനെറ്റ് സേവനങ്ങൾക്കും പണം നൽകിയിട്ടില്ല. സിൻഡിക്കേറ്റ് യോഗം ചേർന്നാൽ മാത്രമേ ബജറ്റ് അംഗീകരിക്കാൻ കഴിയൂ. 85ഓളം സ്ഥിരം ജീവനക്കാരും നൂറിലധികം കരാർ ജീവനക്കാരുമാണ് സർവകലാശാലയിലുള്ളത്.
സ്ഥിരം വിസി ഇല്ലാത്തതാണ് വിദ്യാർഥികൾക്ക് സർ‌ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കാനുള്ള കാരണമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.
സർട്ടിഫിക്കറ്റ് അച്ചടിക്കാനുള്ള പണം പോലും ലഭ്യമായിട്ടില്ല. ​ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം മുടങ്ങി. പെൻഷൻ മുടങ്ങിയിട്ട് രണ്ട് മാസം. വൈദ്യുതി ബില്ലടക്കാനും പണമില്ല. മൂന്ന് സർവീസ് പ്രൊവൈഡേഴ്സ് ആണ് സർവകലാശാലയിൽ ഇന്റർനെറ്റ് സേവനം നൽകുന്നത്. എന്നാൽ രണ്ട് മാസമായി ഇവർക്കും പണം നൽകിയിട്ടില്ല.