എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് പതിനാല് വർഷമായി ശമ്പളം ലഭിക്കാത്ത മനോവേദനയിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ പി.എ അനിൽകുമാർ എൻ. ജി, സൂപ്രണ്ട് ഫിറോസ് എസ്, സെക്ഷൻ ക്ലർക്ക് ബിനി ആർ എന്നിവർക്കെതിരെയാണ് നടപടി. സ്കൂളിലെ പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദേശം നൽകിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
പത്തനംതിട്ട നാറാണംമുഴിയിലാണ് ഭാര്യയ്ക്ക് 14 വർഷമായി ശമ്പളമില്ലാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കിയത്. നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജൻ ആണ് ജീവനൊടുക്കിയത്. നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ ഭാര്യ ലേഖ സുരേന്ദ്രൻ. 14 വർഷത്തെ ശമ്പളം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഡിഇഒ ഓഫീസിൽ നിന്ന് തുടർനടപടിയുണ്ടായില്ലായിരുന്നു.
മകന്റെ എൻജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ. ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാൽ ഇതിന് പണം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുകൂടി ഇല്ലാതായതോടെയാണ് ആത്മഹത്യയെന്നും കുടുംബം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുൾപ്പെടെ വിഷയത്തിൽ ഇടപെട്ടു. എന്നാൽ കുടിശ്ശികതുക നൽകാൻ ജില്ലാ വിദ്യാഭ്യാസ ഓഫിസിലെ ചില ഉദ്യോഗസ്ഥർ തയ്യാറായില്ലന്ന് ഷിജോയുടെ പിതാവ് ത്യാഗരാജൻ.