വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി വീണ്ടും പാഡണിയണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വിരാട് കോലിയുടെ സാന്നിധ്യത്തിനായുള്ള ആഗ്രഹം പ്രകടിപ്പിച്ച് ഇത് രണ്ടാം തവണയാണ് തരൂര്‍ രംഗത്തെത്തുന്നത്.
2025 മെയ് മാസത്തിലാണ് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ആ സമയത്തും തരൂര്‍ കോഹ്ലിയുടെ സംഭാവനകളെ വാഴ്ത്തുകയും ഇതിനേക്കാള്‍ നല്ല വിടവാങ്ങല്‍ അദ്ദേഹം അര്‍ഹിക്കുന്നുവെന്നും കുറിച്ചിരുന്നു.
‘ഇംഗ്ലണ്ട് പരമ്പരയില്‍ എനിക്ക് കോലിയുടെ അഭാവം പല തവണ ബോധ്യപ്പെട്ടു. അദ്ദേഹത്തിന്റെ വിരമിക്കല്‍ കുറച്ച് നേരത്തേ ആയോ? വിരാട്, രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്’- എന്നും അദ്ദേഹം കുറിച്ചു.
കോലിയുടെ അസാന്നിധ്യം ഇംഗ്ലണ്ടില്‍ പ്രകടമായെന്നും അദ്ദേഹത്തിന്റെ മനക്കരുത്തും തീവ്രമായ പോരാട്ടവീര്യവും കളിക്കളത്തിലെ പ്രചോദനാത്മക സാന്നിധ്യവും പരമ്പരയില്‍ വ്യത്യസ്തമായ ഒരു ഫലത്തിലേക്ക് എത്തിക്കുമായിരുന്നുവെന്നും ഞായറാഴ്ച എക്സിൽ പങ്കുവെച്ച പോസ്റ്റില്‍ തരൂര്‍ അഭിപ്രായപ്പെട്ടു.