പാലക്കാട് ശ്രീകൃഷ്ണപുരത്ത് ജീവനൊടുക്കിയ ഒന്‍പതാം ക്ലാസുകാരി ആശിര്‍നന്ദയുടെ മരണത്തില്‍ കേസടുത്തതില്‍ ആശ്വാസമെന്ന് പിതാവ് പ്രശാന്ത് . മൂന്ന് അധ്യാപകര്‍ക്കെതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം. തുടര്‍നടപടികള്‍ ഉടനെ ഉണ്ടാകും എന്നാണ് പൊലീസ് അറിയിച്ചതെന്നും ആശിര്‍നന്ദയുടെ പിതാവ് പറഞ്ഞു.
പൊലീസ് കേസെടുത്തതായാണ് അറിയുന്നത്. ജുവനൈല്‍ ജസ്റ്റസ് ആക്റ്റ് പ്രകാരമാണ് കേസ്. ബാലാവകാശ ലംഘനം നടത്തി എന്നതിലാണ് കേസെടുത്തത്. ആത്മഹത്യപ്രേരണ കുറ്റം ചേര്‍ക്കണം എന്നാണ് ഞങ്ങള്‍ ആദ്യം മുതല്‍ക്ക് ആവശ്യപ്പെടുന്നത്. എന്നാലേ നീതി ലഭിക്കുകയുള്ളു – അദ്ദേഹം പറഞ്ഞു. കേസില്‍ പൊലീസ് ആശിര്‍നന്ദയുടെ അമ്മയുടെ മൊഴി എടുത്തുവെന്നും പിതാവ് വ്യക്തമാക്കി. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈകിയാണെങ്കിലും കേസെടുത്തിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 23നാണ് പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരി ആശിര്‍ നന്ദ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ശേഷം സ്‌കൂളില്‍ വിദ്യാര്‍ഥി യുവജന സംഘടനകളുടെ വലിയ പ്രതിഷേധത്തിന്റെ തിരമാല കണ്ടു. ആശിര്‍ നന്ദയുടെ ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള അധ്യാപകരെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയെങ്കിലും പൊലീസ് അന്വേഷണം എങ്ങും എത്തിയില്ല. കുറിപ്പില്‍ പേരുള്ള അധ്യാപകര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുന്നതു ഉള്‍പ്പെടെയുള്ള നടപടികളില്‍ കാലതാമസമുണ്ടായി. ഇതിനിടെയാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പൊലീസിനെതിരെ രംഗത്തെത്തുന്നത്. അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന സംശയമാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ളത്. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച പരിഹരിച്ച് അടിയന്തരമായി അന്വേഷണം പൂര്‍ത്തീകരിക്കണമെന്ന് കാണിച്ച് റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ബലാവകാശ കമ്മീഷന്‍ കൈമാറിയിട്ടുണ്ട്.