കന്യാസ്ത്രീകളുടെ അറസ്റ്റ്; ‘നീതി ലഭിക്കാതെ വന്നാൽ എന്ത് ചങ്ങാത്തം’; BJPക്ക് മുന്നറിയിപ്പുമായി ക്ലിമിസ് കാതോലിക്ക ബാവ

കന്യാസ്ത്രീകളുടെ അറസ്റ്റ് ബിജെപിക്ക് മുന്നറിയിപ്പുമായി കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. നീതി ലഭിക്കാതെ വന്നാൽ എന്ത് ചങ്ങാത്തം. എങ്ങനെയാണ് സാഹോദര്യത്തിന്റെ പൂർണത പറയാൻ കഴിയുക. നീതി ലഭിച്ച ശേഷം ചായകുടിക്കാമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. അടുത്ത നടപടികളുടെ പേരിൽ ആയിരിക്കും ഇനി നിലപാടുകളെന്ന് ക്ലിമിസ് കാതോലിക്ക ബാവ വ്യക്തമാക്കി.

പറയുന്നത് പ്രവർത്തിക്കാൻ കഴിയണമെന്നും പ്രവർത്തിക്കുന്നതിൽ ആത്മാർഥത പ്രകടമാക്കണമെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. രാജ്യം ഒന്നാകെ ഗൗരവത്തോടെ എടുക്കേണ്ട വിഷയമായി ഛത്തീസ്ഗഡിലേത് മാറി. ക്രിസ്ത്യാനികളുടെത് എന്നത് എന്നനിലയിൽ അല്ല കാണേണ്ടത്. ഭാരതത്തിലെ രണ്ട് സന്യാസിനിമാർ സ്വന്തം രാജ്യത്ത് അപമാനിക്കപ്പെടുന്നു എന്ന് വേണം കാണാനെന്ന് ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു.

അവർ ക്രിസ്ത്യാനികളായി പോയി എന്ന സങ്കടം തങ്ങൾക്കുണ്ടെന്ന് ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. എല്ലാവരും ചേർന്നു നിൽക്കേണ്ട സമയമാണിത്. ദേശമൊന്നായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ച് നിൽക്കേണ്ട സമയമാണ്.

എംപിമാർ കന്യാസ്ത്രീകളെ ജയിലിൽ സന്ദർശിച്ചത് ആശ്വാസകരമാണെന്ന് ക്ലിമിസ് കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി പരിഗണിച്ചില്ല. പരിഗണിക്കാൻ അധികാരമില്ലെന്ന് സെഷൻസ് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകൾ ജയിലിൽ തുടരും. മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്. ബിലാസ്പൂർ NIA കോടതിയെ സമീപിക്കാനാണ് നിർദേശമെന്ന് ബജ്റങ്ദൾ അഭിഭാഷകൻ പറഞ്ഞു.