Headlines

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു; ചെയ്യാത്ത കുറ്റമേല്‍ക്കാന്‍ കുട്ടിയില്‍ പ്രധാനാധ്യാപിക സമ്മര്‍ദം ചെലുത്തിയെന്ന് പരാതി

കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. പ്രധാനാധ്യാപികയുടെ മാനസിക പീഡനമെന്നാണ് പരാതി. കൊട്ടാരക്കര ഓടനാവട്ടം കെ ആര്‍ ജി പി എം എച്ച് എസ് എസ്സിലെ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നില ഗുരുതരമായ 17 കാരന്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ ജൂണ്‍ 19 ന് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് +2 വിദ്യാര്‍ത്ഥിയായ 17കാരനെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ ചെയ്യാത്ത കുറ്റം അടിച്ചേല്‍പ്പിച്ച് കുറ്റമേല്‍ക്കാന്‍ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. സ്ഥലത്തെ സിസിടിവി പരിശോധിക്കണമെന്ന കുട്ടിയുടെ ആവശ്യവും പ്രിന്‍സിപ്പാള്‍ നിരാകരിച്ചു. മകന്‍ തെറ്റുകാരന്‍ അല്ലെന്ന് സഹപാഠികളും സാക്ഷ്യപ്പെടുത്തിയതായി വീട്ടുകാര്‍ പറയുന്നു.

കുറ്റം ഏല്‍ക്കാതിരുന്നതോടെ സ്‌കൂള്‍ അധികൃതര്‍ കുട്ടിയ്ക്കതിരെ പൊലീസില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ നിന്നും മടങ്ങിയ വിദ്യാര്‍ത്ഥി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി. നിരപരാധിത്വം ബോധിപ്പിക്കാന്‍ ക്ലാസ്ടീച്ചറെയടക്കം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഇതോടെയാണ് അമിതമായി ഗുളികകള്‍ കഴിച്ച് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ഥി ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. മകന്റെ ടി സി ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. പ്രിന്‍സിപ്പാളിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും പോലീസിലും വീട്ടുകാര്‍ പരാതി നല്‍കി.