പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന് രാജ്യത്തിലും സൈന്യത്തിലും വിശ്വാസമില്ലെന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. സൈന്യത്തിന്റെ മനോബലം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഭീകരര്‍ക്ക് നേരെയുള്ള ഇന്ത്യയുടെ പ്രത്യാക്രമണത്തെ ലോകം പിന്തുണച്ചെന്നും കോണ്‍ഗ്രസ് പിന്തുണച്ചില്ലെന്നും മോദി ആരോപിച്ചു. ഭീകരവാദികള്‍ കരയുന്നത് കണ്ട് ഇവിടെയും ചിലര്‍ കരയുന്നുണ്ടെന്നും മോദി ആഞ്ഞടിച്ചു.
വെടിനിര്‍ത്തലിനായി ഇടപെട്ടു എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം സൂചിപ്പിച്ച് ട്രംപ് നുണയനെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. ഓപ്പറേഷന് സിന്ദൂര്‍ നിര്‍ത്താന്‍ ഒരു ലോകനേതാവും ആവശ്യപ്പെട്ടിട്ടില്ല എന്ന് മോദി പാര്‍ലമെന്റില്‍ മറുപടി പറഞ്ഞു. പാകിസ്താനില്‍ നിന്ന് കനത്ത ആക്രമണം ഉണ്ടാകുമെന്ന് അമേരിക്ക അറിയിച്ചു. പാകിസ്താന് കനത്ത വില നല്‍കേണ്ടി വരുമെന്നാണ് അവര്‍ക്ക് ഇന്ത്യ നല്കിയ മറുപടിയെന്നും പ്രധാനമന്ത്രി അറിയിച്ചു.
സൈന്യത്തോട് കോണ്‍ഗ്രസിന് വിരോധമാണെന്നും രാജ്യം ഇപ്പോള്‍ കോണ്‍ഗ്രസിനെ നോക്കി ചിരിക്കുകയാണെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു. ഇന്ത്യന്‍ സര്‍ക്കാരിനേക്കാള്‍ പാകിസ്താനെയാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. കോണ്‍ഗ്രസ് പാടുന്നത് പാകിസ്താന്റെ ഈണത്തിലാണ്. ഓപ്പറേഷന് സിന്ദൂറില്‍ പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് രാജ്യത്തിലും സൈന്യത്തിലും വിശ്വാസമില്ലാത്തതിനാലാണ്. മിന്നലാക്രമണത്തില്‍ കോണ്‍ഗ്രസ് സൈന്യത്തോട് തെളിവ് ചോദിച്ചു. ബാലാകോട്ട് വ്യോമാക്രമണത്തില്‍ കോണ്‍ഗ്രസ് തെളിവായി ഫോട്ടോ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചില്ല. ബിഎസ്എഫ് ജവാന് പാകിസ്താന്റെ പിടിയിലായപ്പോള്‍ ചിലര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താന്റെ മര്മത്തില് തന്നെ പ്രഹരിച്ച് ഇന്ത്യ മറുപടി നല്‍കിയെന്ന് മോദി ലോക്സഭയില്‍ പറഞ്ഞു. ഭീകരവാദികളെ തുടച്ചുനീക്കുകകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഓപ്പറേഷന് മഹാദേവിലൂടെ സുരക്ഷാസേന പഹല്‍ഗാം ഭീകരരെ വധിച്ചു. ആണവായുധം കാട്ടി ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ പാകിസ്താന് ശ്രമിച്ചെങ്കിലും അത് വിലപ്പോകില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ സാധിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന സര്‍ക്കാരുകളേയും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നവരേയും രണ്ടായി ഇന്ത്യ കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.