Headlines

നാസയിലെ കൂട്ടരാജി; ഭാവി പദ്ധതികൾക്ക് തിരിച്ചടി, ചൊവ്വാ ദൗത്യം ആശങ്കയിലോ ?

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയെ ആശങ്കയിലാഴ്ത്തി ജീവനക്കാർ കൂട്ടത്തോടെ രാജിവെക്കുന്നു. ‘ഡെഫേഡ് റെസിഗ്നേഷൻ പ്രോഗ്രാം’ (Deferred Resignation Program) വഴി ഏകദേശം 3,870 ജീവനക്കാരാണ് ഏജൻസി വിടാൻ തയ്യാറെടുക്കുന്നത്. 2025-ൽ ആരംഭിച്ച ഈ പദ്ധതി, ട്രംപ് ഭരണകൂടത്തിന് സർക്കാർ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ. കൂട്ടരാജി പ്രാബല്യത്തിൽ വരുന്നതോടെ നാസയിലെ സിവിൽ സർവീസ് ജീവനക്കാരുടെ എണ്ണം ഏകദേശം 14,000 ആയി കുറയും.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉൾപ്പെടെ നിരവധി പുതിയ പദ്ധതികൾക്ക് നാസ തയ്യാറെടുക്കുന്ന ഈ നിർണായക ഘട്ടത്തിൽ ജീവനക്കാരുടെ കൂട്ടരാജി വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഇത് നാസയുടെ ഭാവി ദൗത്യങ്ങളെയും അമേരിക്കയുടെ ബഹിരാകാശ ഗവേഷണ രംഗത്തെ മുന്നേറ്റത്തെയും കാര്യമായി ബാധിക്കുന്നു. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ ഈ ഒഴുക്ക് സുപ്രധാന പദ്ധതികൾക്ക് തിരിച്ചടിയാകാനുള്ള സാധ്യത ഏറെയാണ്.

പ്രധാനമായും നാസയുടെ ബഹിരാകാശ ശാസ്ത്രം, മനുഷ്യ ബഹിരാകാശ യാത്ര, എഞ്ചിനീയറിംഗ് എന്നീ സുപ്രധാന മേഖലകളിലാണ് ഈ കൂട്ടരാജി കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്. ദീർഘകാലത്തെ അനുഭവസമ്പത്തുള്ള മുതിർന്ന ഉദ്യോഗസ്ഥരെയാണ് ഇതിലൂടെ നാസയ്ക്ക് നഷ്ടമാകുന്നത്. ഉദാഹരണത്തിന് ഗോഡ്ഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിൽ നിന്ന് 607 ജീവനക്കാരെയും, മനുഷ്യ ബഹിരാകാശ യാത്രകളുടെ കേന്ദ്രമായ ജോൺസൺ സ്പേസ് സെന്ററിൽ നിന്ന് 366 പേരെയും, കെന്നഡി സ്പേസ് സെന്ററിൽ നിന്ന് 311 പേരെയും നാസയ്ക്ക് നഷ്ടമാകും.

ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് നാസയുടെ ദൗത്യങ്ങളുടെ സുരക്ഷയെയും സമയബന്ധിതമായ പൂർത്തീകരണത്തെയും കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. പ്രത്യേകിച്ചും 2027-ഓടെ ചന്ദ്രനിലിറങ്ങാനുള്ള ആർട്ടെമിസ് പ്രോഗ്രാം, ചൊവ്വയിൽ നിന്ന് സാമ്പിളുകൾ തിരികെ കൊണ്ടുവരാനുള്ള മാർസ് സാമ്പിൾ റിട്ടേൺ (MSR) ദൗത്യം എന്നിവയുടെ പുരോഗതിയെ ഇത് പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് നിലവിലെ വിലയിരുത്തലുകൾ.

ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിലവിലെയും മുൻപത്തെയും നൂറുകണക്കിന് നാസ ജീവനക്കാർ യുഎസ് ഗതാഗത വകുപ്പിന്റെ തലവനും ഇടക്കാല അഡ്മിനിസ്ട്രേറ്ററുമായ ഷോൺ ഡഫിക്ക് കത്തയച്ചിരുന്നു. ആയിരക്കണക്കിന് ജീവനക്കാർ രാജിവെക്കുകയോ നേരത്തെ വിരമിക്കുകയോ ചെയ്യുന്നത് വഴി നാസയുടെ ദൗത്യ നിർവഹണത്തിന് ആവശ്യമായ അറിവുകൾ നഷ്ടപ്പെടുന്നുണ്ടെന്ന് കത്തിൽ എടുത്തുപറയുന്നു. നാസയുടെ ഇനി വരാനിരിക്കുന്ന പദ്ധതികളിലെ അപകടസാധ്യതകൾ ഉൾപ്പെടെ വിലയിരുത്തി ഭരണകൂടം ഈ നയം പുനഃപരിശോധിക്കണമെന്നും കത്തിൽ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള പര്യവേക്ഷണത്തിന്റെ സുവർണ്ണ കാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സമയത്ത് നടക്കുന്ന കൂട്ടരാജി നാസയുടെ സുപ്രധാന പദ്ധതികളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ശാസ്ത്രലോകം.