ഏഷ്യാകപ്പ് ക്രിക്കറ്റ് ചാംപ്യൻഷിപ്പ് സെപ്റ്റംബറിൽ നടക്കുമെന്ന് ഉറപ്പിച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ മൊഹ്സിൻ നഖ്വി. യുഎഇയിൽ വച്ചു സെപ്റ്റംബർ 9 മുതൽ 28 വരെയായിരിക്കും ടൂർണമെന്റ് എന്ന് നഖ്വി എക്സിൽ കുറിച്ചു. പാകിസ്താൻ ആഭ്യന്തരമന്ത്രിയും ക്രിക്കറ്റ് ബോർഡ് അധ്യക്ഷനും കൂടിയാണ് നഖ്വി.
ധാക്കയിൽ നടന്ന കൗൺസിൽ യോഗത്തിന് ശേഷം എസിസി പ്രസിഡന്റ് മൊഹ്സിൻ നഖ്വി തീരുമാനം അറിയിച്ചത്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, യുഎഇ, ഹോങ്കോംഗ്, ഒമാൻ എന്നിങ്ങനെ എട്ട് ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കും. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പില്‍ത്തന്നെയാവാനാണ് സാധ്യത. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ ടൂര്‍ണമെന്റ് നടത്താന്‍ തയ്യാറാണെന്ന് ബിസിസിഐ അറിയിച്ചിരുന്നു.
എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ഏഷ്യാ കപ്പിന്റെ ആതിഥേയത്വാവകാശം ബിസിസിഐക്കാണ്. എന്നാൽ പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൂർണമെന്റ് സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായത്. ധാക്കയില്‍ നടന്ന യോഗത്തില്‍ ബിസിസിഐയെ പ്രതിനിധാനംചെയ്ത് രാജീവ് ശുക്ല ഓണ്‍ലൈനായി പങ്കെടുത്തത്.