‘ഇന്ത്യക്ക് ഒരു രാജ്യവുമായും വ്യാപാര യുദ്ധമില്ല; ഇന്ത്യ-UK സ്വതന്ത്ര വ്യാപാര കരാർ എല്ലാ മേഖലയ്ക്കും ​ഗുണകരം’; കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയൽ

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാർ രാജ്യത്തെ എല്ലാ മേഖലയ്ക്കും വ്യാപാര കരാർ ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് സഹായകരമാകും. കരാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് നടന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കുന്ന സന്തുലിത കരാറിലാണ് ഒപ്പിട്ടത്. ഇന്ത്യക്ക് ഒരു രാജ്യവുമായും വ്യാപാര യുദ്ധം ഇല്ല എന്ന് പിയൂഷ്‌ ഗോയൽ വ്യക്തമാക്കി.

സുഗന്ധവ്യഞ്ജനങ്ങൾക്കു പൂർണമായും നികുതി ഇളവ് നൽകി. മത്സ്യതൊഴിലാളികൾക്കും കരാർ വഴി ഗുണം ലഭിക്കും. സമുദ്ര ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാകും. ക്ഷീരമേഖല യു .കെയക്ക് തുറന്നു കൊടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇരു രാജ്യങ്ങൾക്കും ഇടയിൽ ആരോഗ്യകരമായ മത്സരം നടക്കും. യുപിഎ കാലത്തെ വ്യാപാരക്കരാറുകൾ ഇന്ത്യക്ക് ഗുണകരമായിരുന്നില്ല. ഇപ്പോൾ രാജ്യത്തിനു മുൻഗണന നൽകുന്നുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

യു എസ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര കരാർ സംബന്ധിച്ച് സജീവ ചർച്ചകൾ നടക്കുന്നുണ്ട്. യു എസുമായുള്ള ചർച്ചകൾ ശരിയായ ദിശയിലാണ് നടക്കുന്നത്. ഉചിതമായ സമയത്ത് സർക്കാർ അത് അറിയിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. മൂന്നുവർഷംനീണ്ട ഉഭയകക്ഷിചർച്ചകൾക്കും നയതന്ത്ര വിലപേശലുകൾക്കും ശേഷമാണ് ഇന്ത്യയും ബ്രിട്ടനും (യുകെ) തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാറായത്. 2022-ൽ ആരംഭിച്ച കരാർ ചർച്ചകൾ കഴിഞ്ഞ മേയിലാണ് അവസാനിച്ചത്.