കോണ്‍ഗ്രസ് ‘എടുക്കാ ചരക്കാ’കുമെന്ന പരാമര്‍ശത്തില്‍ പാലോട് രവിയോട് വിശദീകരണം തേടാന്‍ കെപിസിസി. സംഭാഷണത്തില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി. യുവനേതാക്കളും പാലോട് രവിക്ക് എതിരെ രംഗത്ത് എത്തി. ഫോണ്‍ സംഭാഷണം വിവാദമായതോടെ പാലോട് രവി മലക്കം മറിഞ്ഞു. ഭിന്നതകള്‍ തീര്‍ക്കമെന്നും, നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാര്‍ട്ടിയെ ബാധിക്കുമെന്ന താക്കീതാണ് നല്‍കിയതെന്നും പാലോട് രവി വിശദീകരിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് പറയുന്ന സംഭാഷണം വിവാദമായതിന് പിന്നാലെ ആണ് വിശദീകരണം.
തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
കുറേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്നാമത് പോകും. നിയമസഭയില്‍ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കുമെന്നും പാലോട് രവി സംഭാഷണത്തില്‍ പറയുന്നു.