യുവസംരംഭകർക്ക് വീണ്ടും തലവേദനയായി സിഐടിയു യൂണിയന്റെ അപ്രഖ്യാപിത വിലക്ക്. കണ്ണാടിക്കടയിലുള്ള വർക്ക് സൈറ്റിൽ ടഫൻഡ് ഗ്ലാസ് ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്. പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സംരംഭകർ ആരോപിക്കുന്നു.
‘ഐഡിയ ഹൗസ്’ എന്ന വർക്ക്‌സ്‌പേസ് റെന്റിങ് കമ്പനിയാണ് സിഐടിയു പ്രവർത്തകർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ചാലക്കുടിയിൽ നിന്നെത്തിയ ടഫൻഡ് ഗ്ലാസ് ലോഡ് ഇതുവരെയും ഇറക്കാൻ സാധിച്ചിട്ടില്ലെന്ന് കമ്പനി പ്രതിനിധികൾ പറയുന്നു. ലോഡ് ഇറക്കുന്നതിന് യൂണിയൻ തടസ്സം നിൽക്കുകയാണെന്നും ഇത് തങ്ങളുടെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
ടഫൻഡ് ഗ്ലാസ് ഇറക്കാൻ സിഐടിയു യൂണിയൻ സമ്മതിക്കുന്നില്ലെന്നാണ് സംരംഭകരുടെ പ്രധാന പരാതി. ഈ ഗ്ലാസ് കൈകാര്യം ചെയ്യാൻ സ്‌കിൽഡ് ലേബേഴ്‌സിനെയാണ് ആവശ്യമെന്നും അല്ലാത്തവർ ഇത് പുറത്തിറക്കിയാൽ പൊട്ടിപ്പോകുമോയെന്ന ആശങ്കയുണ്ടെന്നും സംരഭകർ പറയുന്നു. എന്നാൽ ഇതിനുമുമ്പും ഇത്തരത്തിലുള്ള ഗ്ലാസുകൾ ഇറക്കിയിട്ടുണ്ടെന്നാണ് സിഐടിയു യൂണിയൻ വാദിക്കുന്നത്. ഗ്ലാസ് പൊട്ടിപ്പോയാൽ ഉണ്ടാകുന്ന നഷ്ടം നിസ്സാരമല്ലെന്നും, അതുകൊണ്ടാണ് വിദഗ്ധരെ മാത്രം ആശ്രയിക്കുന്നതെന്നും സംരംഭകർ കൂട്ടിച്ചേർക്കുന്നു.ഈ വിഷയത്തിൽ സിഐടിയു യൂണിയന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.