കൈവിലങ്ങുമായി മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; സംഭവം കൊല്ലം കടയ്ക്കലിൽ

കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. കൈവിലങ്ങുമായിട്ടാണ് പ്രതികൾ പൊലീസിനെ കബളിപ്പിച്ച് ഓടിപ്പോയത്. പാലോട് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളായ സൈതലവി, അയ്യൂബ് ഖാൻ എന്നിവരാണ് രക്ഷപ്പെട്ടത്.

പുലർച്ചെ നാലരയോടെയാണ് സംഭവം. പ്രതികളുമായി തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ കടയ്ക്കൽ ചുണ്ട ചെറുകുളത്ത് വെച്ച് വാഹനം നിർത്തിയപ്പോഴാണ് ഇരുവരും ഓടി രക്ഷപ്പെട്ടത്. മലയിൻകീഴ് വഞ്ചിയൂർ സ്വദേശിയായ അയ്യൂബ് ഖാനും നെടുമങ്ങാട് സ്വദേശിയായ സൈതലവിയും ആണ് രക്ഷപ്പെട്ടവർ. മൂത്രമൊഴിക്കാൻ വാഹനം നിർത്തിയ സമയത്താണ് പ്രതികൾ അവസരം മുതലെടുത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

പൊലീസിന്റെ കസ്റ്റഡിയിൽനിന്ന് കൈവിലങ്ങുമായി പ്രതികൾ രക്ഷപ്പെട്ട സംഭവം ഏറെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവർ സംസ്ഥാനം വിട്ടുപോകാതിരിക്കാനുള്ള നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്.