വിഎസ് അച്യുതാനന്ദന്‍റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ഇന്ന് ഗതാഗത നിയന്ത്രണം;’കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴ നഗരത്തിൽ പ്രവേശിക്കരുത്

ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തിൽ ഇന്ന് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സംസ്കാര ചടങ്ങ് കഴിയുന്നതുവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

കെഎസ്ആര്‍ടിസി ദീർഘ ദൂര ബസുകൾ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നുംഅറിയിപ്പുണ്ട്. ചേർത്തല ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളർകോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം. അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്ക് പോകണമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

ഗതാഗത നിയന്ത്രണം

എറണാകുളം തണ്ണീർമുക്കം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംഗ്ഷൻ, കോൺവെന്‍റ് സ്‌ക്വയർ കണ്ണൻ വർക്കി പാലം , കളക്ട്രേറ്റ് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറുവശം ആളെ ഇറക്കിയതിനുശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക.

എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ ജി എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക.

കൂടാതെ വസതിയിൽ നിന്നും വിലാപയാത്ര പുറപ്പെട്ടതിനുശേഷം എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളി യിൽ നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ചു പോകേണ്ടതാണ് . കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി എസ് ഡി കോളജ് ഗ്രൗണ്ട് , ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.

കായംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ജി എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക. ചെറിയ വാഹനങ്ങൾ ബീച്ച് റോഡിൽ പാർക്ക് ചെയ്യുക.

വസതിയിലെ പൊതു ദർശ്ശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം ജൂലൈ 22 രാത്രി 11 മണി മുതൽ 23 രാവിലെ 11 വരെ പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.