ഡല്‍ഹിയില്‍ ലാന്‍ഡിംഗിന് പിന്നാലെ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടുത്തം. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം. ഓക്‌സിലറി പവര്‍ യൂണിറ്റിലുണ്ടായ തീപിടുത്തത്തില്‍ വിമാനത്തിന് കേടുപാട് സംഭവിച്ചു. അപകട കാരണത്തെക്കുറിച്ച് പരിശോധന തുടരുകയാണ്. ഹോങ് കോങില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിയ വിമാനത്തിലാണ് ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ തീപടര്‍ന്നത്.
യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരായി പുറത്തിറങ്ങിയ ശേഷമാണ് തീപിടുത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഡല്‍ഹി എയര്‍ പോര്‍ട്ടില്‍ വിമാനം ഉച്ചയോടെ ലാന്‍ഡ് ചെയ്തുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും എയര്‍ലൈന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഓക്‌സിലറി പവര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടാകുകയായിരുന്നുവെന്നും അപകടം നടന്ന് തത്ക്ഷണം എപിയു ഓട്ടോമാറ്റിക്കായി തന്നെ ഷട്ട് ഡൗണ്‍ ആയെന്നും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അപകട കാരണത്തെക്കുറിച്ചുള്ള കൂടുതല്‍ പരിശോധനകള്‍ ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.