Headlines

‘പകരം വെക്കാനില്ലാത്ത നേതാവ്; വിഎസ് എന്നാൽ വിരാമം ഇല്ലാത്ത സമരം’; എംഎ ബേബി

വിഎസ് അച്യുതാനന്ദൻ പകരം വെക്കാനില്ലാത്ത നേതാവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. അനീതികൾക്കെതിരായ പോരാട്ടം അതാണ് വിഎസ്. വിരാമം ഇല്ലാത്ത സമരം എന്ന് വിഎസ് എന്ന് രണ്ടക്ഷരത്തിന് വിപുലീകരണം കൊടുക്കാമെന്ന് എംഎ ബേബി പറഞ്ഞു. കർഷക തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതിനായിരുന്നു വിഎസ് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയിരുന്നതെന്ന് എംഎ ബേബി പറഞ്ഞു.

കുട്ടനാട്ടിലെ കർഷക തൊഴിലാളികളെ നട്ടെല്ല് നൽകി നിവർന്ന് നിന്ന് അവകാശങ്ങൾ ചോദിക്കാൻ അവരെ പഠിപ്പിച്ചത് സഖാവ് വിഎസ് ആണെന്ന് എംഎ ബേബി പറഞ്ഞു. വിദ്യാർഥി യുവജന മുന്നണികളെ വളർത്താൻ വലിയ സംഭാവന വിഎസ് നൽകിയിരുന്നു. സഖാവ് വിഎസ് സെക്രട്ടറിയായിരുന്നുകൊണ്ട് നൽകിയ പരിശീലനമാണ് തന്റെ തലമുറയിൽപ്പെട്ട യുവ കമ്മ്യൂണിസ്റ്റുകാർക്കെല്ലാം ഇന്ന് പാർട്ടിയിൽ പ്രവർത്തിക്കാൻ എന്തെങ്കിലും ആത്മവിശ്വാസം നൽകുന്ന ഘടകമെന്ന് എംഎ ബേബി വ്യക്തമാക്കി. വിഎസ് ഇല്ലാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല, വിഎസിന്റെ മരണത്തിലും ഇന്ന് സജീവമായി പോരാടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിഎസ് ജീവിക്കുന്നുണ്ടെന്ന് എംഎ ബേബി കൂട്ടിച്ചേർത്തു.

വി എസിന്റെ ആരോഗ്യനില ഇന്നുച്ചയോടെ അതീവ ഗുരുതരമാകുകയായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് 3.20ന് ആയിരുന്നു വി എസ് അച്യുതാനന്ദന്റെ അന്ത്യം. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി എസ്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വലിയചുടുകാട്ടിൽ സംസ്കാരം നടക്കും.