വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമെന്ന് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ലെന്നും മന്ത്രി കുറിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രതികരണം.
സംഭവത്തില്‍ വിതുര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രോഗിയെ ആംബുലന്‍സില്‍ കയറ്റാതെ തടസം സൃഷ്ടിക്കുകയും അസഭ്യം പറയുകയും, ആംബുലന്‍സ് തടയുകയും ചെയ്തുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പരാതിയെന്നും മന്ത്രി വ്യക്തമാക്കി. ഇന്‍ഷുറന്‍സും ഫിറ്റ്‌നസുമുള്ള ആംബുലന്‍സാണെങ്കിലും ഇതൊന്നും ഇല്ല എന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് തടഞ്ഞത്. ഈ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് സംബന്ധിച്ച രേഖകള്‍ ഇവിടെ ചേര്‍ക്കുന്നു. മരണമടഞ്ഞ ബിനുവിന് ആദരാഞ്ജലികള്‍ – വീണാ ജോര്‍ജ് വ്യക്തമാക്കി.
അതേസമയം, സംഭവത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 10 പേര്‍ക്ക് എതിരെയാണ് കേസ്. 17 മിനിറ്റ് വാഹനം തടഞ്ഞുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അഞ്ചു മിനിറ്റ് മാത്രമാണ് പ്രതിഷേധം എന്നായിരുന്നു കോണ്‍ഗ്രസ് വാദം. വിതുര മണലി സ്വദേശി ബിനു ആണ് കോണ്‍?ഗ്രസ് ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് മരിച്ചത്.
അത്യാഹിത വിഭാഗത്തില്‍ വന്ന രോഗിയെ ആബുലന്‍സില്‍ കയറ്റാന്‍ കഴിയാതെ സംഘം ചേര്‍ന്ന് വാഹനം തടഞ്ഞു എന്ന് എഫ്.ഐ.ആര്‍. മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ ഉളളവരുടെ ഡൂട്ടി തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. ഹോസ്പിറ്റല്‍ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഗുരുതരാവസ്ഥയില്‍ ഉള്ളയാളെ കൊണ്ടുപോകാനുള്ള ആംബുലന്‍സ് ആണെന്ന് അറിയില്ലായിരുന്നു എന്നായിരുന്നു കോണ്‍ഗ്രസ് വാദം.