Headlines

വി.സി നിയമനം; ഹൈക്കോടതി വിധിക്കെതിരെ ഗവർണർ ഇന്ന് സുപ്രീംകോടതിയിൽ ഹർജി നൽകിയേക്കും

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വി.സി നിയമന വിഷയത്തിലെ ഹൈക്കോടതി വിധിക്കെതിരെ ഗവർണർ ഇന്ന് സുപ്രീം കോടതിയിൽ ഹർജി നൽകിയേക്കും . താൽക്കാലിക വിസി നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ ബാധകമല്ലെന്ന വിധിയിലെ പരാമർശം ആണ് ഗവർണർ ചോദ്യം ചെയ്യുക. അതേസമയം രണ്ടു സർവകലാശാലകളിലേക്കും വിസിമാരെ നിയമിക്കാനുള്ള പട്ടിക സർക്കാർ രാജ്ഭവന് കൈമാറി. ഇത് ഗവർണർ പരിഗണിക്കാൻ ഇടയില്ല.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. എന്നാൽ ആ വിധി അംഗീകരിക്കാൻ കൂട്ടാക്കാതെയാണ് രാജ്ഭവൻ അപ്പീൽ നൽകാനുള്ള തീരുമാനത്തിലേക്ക് കടക്കുന്നത്. നിയമ വിദ​ഗ്ദരുമായുള്ള പ്രാഥമിക ചർച്ചയ്ക്ക് ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പോകാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

അതേസമയം കേരള സർവകലാശാലയിലെ ഭരണ പ്രതിസന്ധിക്കും പ്രശ്നങ്ങൾക്കും അയവില്ലാതെ തുടരുകയാണ്.കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന് ഔദ്യോഗിക വാഹനം നൽകരുതെന്ന വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മല്ലിന്റെ നിർദ്ദേശം സിൻഡിക്കേറ്റ് തള്ളും. ഇന്നും ഔദ്യോഗിക വാഹനത്തിൽ തന്നെ കെ എസ് അനിൽകുമാർ സർവകലാശാലയിൽ എത്താനാണ് സാധ്യത. സർവകലാശാലയിലെ വസ്തുവകകളിന്മേൽ അധികാരം സിൻഡിക്കേറ്റിനാണെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കുന്നു. വി.സി ഇന്നും സർവകലാശാലയിൽ എത്താൻ സാധ്യതയില്ല.