പാദപൂജ വിവാദം; നൂറനാട് ബിജെപി പഞ്ചായത്ത് അംഗത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി DYFI

പാദപൂജ വിവാദത്തിൽ ആലപ്പുഴ ബിജെപി പഞ്ചായത്ത് അംഗത്തിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. നൂറനാട് വിവേകാനന്ദ സ്കൂളിൽ പാദപൂജ നടത്തിയ അഡ്വ. കെ കെ അനൂപിനെതിരെയാണ് ഡിവൈഎഫ്‌ഐയുടെ പരാതി. അനൂപിനെ പഞ്ചായത്ത് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കണം. ഹിന്ദുത്വ അജണ്ടകൾ അടിച്ചേല്പിക്കാൻ ശ്രമിച്ചു. പഞ്ചായത്ത്‌ അംഗത്തിന്റെ നടപടി ഭരണഘടന മൂല്യങ്ങളെ തകർക്കുന്നതാണെന്നും ഡിവൈഎഫ്ഐ ചാരുംമൂട് ബ്ലോക്ക് കമ്മറ്റി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്.

സ്കൂളിലേക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടക്കുകയാണ്. മാർച്ച് തടയാൻ ശ്രമിച്ച പൊലീസിന്റെ ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർക്കാൻ ശ്രമിച്ചു. സ്കൂൾ അധികൃതരുമായി സംസാരിക്കണം എന്നാവശ്യമാണ് പ്രതിഷേധക്കാർ മുന്നിൽ വെക്കുന്നത്. സ്കൂൾ പരിസരത്ത് ബിജെപിയുടെ ഒരു വിഭാഗം പ്രവർത്തകരും ഒപ്പം തന്നെ സ്കൂൾ പി ടി എ അംഗങ്ങളും തമ്പടിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം ആ ഭാഗത്ത് പോയാൽ വലിയ സംഘർഷങ്ങളിലേക്ക് പ്രതിഷേധം വഴിമാറാൻ സാധ്യതയുണ്ട്.

അതേസമയം, വിവേകാനന്ദ സ്കൂളിനു മുന്നിലേക്ക് ഇന്നലെയും ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. സ്കൂളിന് പിന്തുണയുമായി പിന്നാലെ ബിജെപി മാർച്ചും നടത്തിയിരുന്നു.പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പച്ചെങ്കിലും ഇരു കൂട്ടരും സ്കൂളിനു മുന്നിൽ തമ്പടിച്ച് ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളി തുടരുകയായിരുന്നു.

ഗുരുപൂർണിമ ദിനത്തിന്റെ ഭാഗമായി അധ്യാപകരെ ആദരിക്കുന്ന പരിപാടിയിലാണ് ആലപ്പുഴ നൂറനാട് ഇടപ്പോൺ വിവേകാനന്ദ വിദ്യാപീഠത്തിൽ ബിജെപി നേതാവിനെയും ക്ഷണിച്ചത്. അഭിഭാഷകനെന്ന നിലയിലാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നായിരുന്നു സ്കൂൾ അധികൃതരുടെ വിശദീകരണം.