ആലപ്പുഴ മാവേലിക്കരയിലെ വിദ്യാധിരാജ സെന്‍ട്രല്‍ സ്‌കൂളിലും ഇടപ്പോള്‍ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിലും നടന്ന പാദപൂജയുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷന് പരാതി നല്‍കി എഐഎസ്എഫ്. കമ്മീഷന്‍ ചെയര്‍മാന് എഐഎസ്എഫ് ആലപ്പുഴ ജില്ലാ കമ്മറ്റിയാണ് പരാതി നല്‍കിയത്.
ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവവികാസങ്ങള്‍ ആണ് അരങ്ങേറിയതെന്നും പുരോഗമന കേരളത്തില്‍ വിദ്യാര്‍ഥി സമൂഹത്തിന് അപമാനകരമാകുന്ന രീതിയില്‍ ഉള്ള ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് സ്‌കൂള്‍ മാനേജ്മെന്റ് അടക്കം കുട്ട് നില്‍കുന്ന സ്ഥിതിയാണ് അവിടെ ഉണ്ടായിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് പാദപൂജ ചെയ്യുവാന്‍ അധ്യാപകരും മാനേജ്മെന്റും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുകയായിരുന്നു. ഈ സംഭവം തീര്‍ത്തും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ് – പരാതിയില്‍ വ്യക്തമാക്കുന്നു.
സംഭവത്തില്‍ പങ്കാളികള്‍ ആയിട്ടുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ഏറ്റവും അനിവാര്യവും പൊതുസമൂഹത്തിന് മാതൃകയും ആകേണ്ട ഒന്നാണെന്നും ചൂണ്ടിക്കാട്ടുന്നു.
ആലപ്പുഴ നൂറനാട് ഇടപ്പോണ്‍ വിവേകാനന്ദ വിദ്യാപീഠത്തിലാണ് ബിജെപി നേതാവിന് പാദപൂജ. ബിജെപി ജില്ലാ സെക്രട്ടറിയും നൂറനാട് പഞ്ചായത്തംഗവുമായ അഡ്വ. കെ കെ അനൂപിനാണ് വിദ്യാര്‍ത്ഥികളെ കൊണ്ട് പൂജ ചെയ്യിച്ചത്. ഗുരുപൂര്‍ണിമ ദിനത്തിന്റെ ഭാഗമായി അധ്യാപകരെ ആദരിക്കുന്ന പരിപാടിയിലാണ് ബിജെപി നേതാവിനെയും ക്ഷണിച്ചത്. അഭിഭാഷകനെന്ന നിലയിലാണ് ക്ഷണമെന്ന് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. കണ്ണൂര്‍ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും വിദ്യാര്‍ത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു. മാവേലിക്കര വിദ്യാദിരാജ വിദ്യാപീഠത്തിലും കുട്ടികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു. സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മിഷന്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും പൊലീസിനോടും വിശദീകരണം തേടിയിട്ടുണ്ട്.