കൊച്ചി:പാലക്കാട് പൊൽപുള്ളിയിൽ കാറിനു തീ പിടിച്ച് പൊള്ളലേറ്റ അമ്മയും മകളും മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതർ വിശദമാക്കി. ഇരുവരും കണ്ണു തുറന്നു. എൽസി മാർട്ടിൻ, മകൾ അലീന എന്നിവരാണ് ചികിത്സയിൽ ഉള്ളത്. എൽസി മാർട്ടിന് 45 ശതമാനം പൊള്ളലും അലീനക്ക് 35 ശതമാനം പൊള്ളലുമാണ് സംഭവച്ചിട്ടുള്ളത്. എൽസിയുടെ മകൻ ആൽഫിൻ, മകൾ എമി എന്നിവർ പൊള്ളലേറ്റ് ചികിത്സയിൽ കഴിയവെ മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എൽസിക്കു ബോധം വന്നതിന് ശേഷമായിരിക്കും സംസ്കാരച്ചടങ്ങുകൾ എന്ന് ബന്ധുക്കൾ പ്രതികരിച്ചിരുന്നു. അപകടത്തിൽ കുട്ടികളുടെ മുത്തശ്ശി ഡെയ്സിക്കും പൊള്ളലേറ്റിരുന്നു. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ എമിലും ആൽഫ്രഡും ശനിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പോസ്റ്റ്മോർട്ടത്തിനായി ശനിയാഴ്ച രാത്രി 12 മണിയോടെയാണ് മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണു പൊൽപുളളിയെ നടുക്കിയ അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ എൽസി ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം മക്കളുമായി പുറത്തിറങ്ങാനായി കാറിൽ കയറി വാഹനം സ്റ്റാർട്ട് ചെയ്തപ്പോൾ തീ പിടിക്കുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്. എൽസിയുടെ ഭർത്താവ് മാർട്ടിൻ ഒന്നര മാസം മുൻപാണ് അസുഖബാധിതനായി മരിച്ചത്.