Headlines

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം തുടരുന്നു: ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം തുടരുന്നു. ഇടപെടല്‍ ആവശ്യപ്പെട്ട് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായി മറുപടി നല്‍കും. നിമിഷപ്രിയയുടെ മോചനത്തിനായി എന്തെല്ലാം സാധ്യത മുന്നിലുണ്ടെന്നതിലാവും കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും ഔദ്യോഗികമായി വിഷയത്തോട് പ്രതികരിച്ചിട്ടില്ല.

അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ഇടപെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. യമനിലെ പ്രധാന സൂഫി പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് മുഖാന്തരം നോര്‍ത്ത് യമന്‍ ഭരണകൂടവുമായി സംസാരിച്ചു. നിമിഷ പ്രിയയുടെ കുടുംബവുമായും എപി അബൂബക്കര്‍ മുസ്ലിയാര്‍ ബന്ധപ്പെട്ടു.

കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാല്‍ വധ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്. ദയാധനം സ്വീകരിച്ച് മാപ്പ് ലഭിക്കാനുള്ള സാധ്യതയാണ് പണ്ഡിതര്‍ മുഖാന്തരം തേടുന്നതെന്ന് മര്‍ക്കസ് അറിയിച്ചു. നിമിഷ പ്രിയയുടെ മോചനം സാധ്യമാകും എന്ന പ്രതീക്ഷയിലാണ് കുടുംബം.