Headlines

‘സ്റ്റാലിന്റേത് സോറി മോഡൽ സർക്കാർ; കസ്റ്റഡി മരണങ്ങളിൽ മുഖ്യമന്ത്രി മാപ്പ് പറയണം’; വിജയ്

തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങളിൽ ചെന്നൈയിൽ തമിഴക വെട്രിക് കഴകത്തിന്റെ പ്രതിഷേധം. സ്റ്റാലിന്റേത് സോറി മോഡൽ സർക്കാർ എന്ന് പാർട്ടി അധ്യക്ഷൻ വിജയ്. പൊലീസ് കസ്റ്റഡിയിൽ ഇരിക്കേ മരിച്ചവരുടെ ബന്ധുക്കളും വേദിയിൽ. കർശന ഉപാധികളോടെയാണ് പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയത്. രാഷ്ട്രീയ പാർട്ടി ആരംഭിച്ചതിനു ശേഷമുള്ള വിജയ് യുടെ ആദ്യ പൊതു പ്രക്ഷോഭമാണിത്.

സ്റ്റാലിൻ സർക്കാരിന്റെ കാലത്ത് നടന്ന എല്ലാ കസ്റ്റഡി മരണങ്ങളിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് വിജയ് ആവശ്യപ്പെട്ടു. അജിത്‌ കുമാറിന്റെ കേസ് മാത്രം എന്തിന് സിബിഐ ക്ക് കൊടുത്തുവെന്ന് വിജയ് ചോദിച്ചു. എല്ലാത്തിനും കോടതിയിൽ പോകാൻ ആണെങ്കിൽ സർക്കാർ എന്തിനാണെന്നും എല്ലാത്തിനും മാപ്പ് പറയാൻ മാത്രമുള്ള സർക്കാരാണ് തമിഴ്നാട്ടിലേതെന്നും വിജയ് വിമർശിച്ചു.

സർക്കാരിന്റെ അവസാന സമയമായപ്പോഴേക്കും കണ്ണിൽ പൊടിയിടാനായിട്ടാണ് കേസ് സിബിഐയ്ക്ക് കൈമാറിയതെന്ന് വിജയ് പറഞ്ഞു. ഇപ്പോൾ സിബിഐ ആർഎസ്എസിന്റെയും ബിജെപിയുടെയും കൈയിലല്ലേയെന്ന് വിജയ് ചോദിച്ചു. അജിത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ആളൊഴിഞ്ഞ മൈതാനത്ത് വച്ച് പൊലീസ് ക്രൂരമായി മർദിക്കുകയായിരുന്നു. മുപ്പതിലധികം പാടുകളാണ് ദേഹത്തുള്ളതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവമാണ് മരണകാരണം. അജിത്തിന്റെ മുഖത്തും സ്വകാര്യഭാഗങ്ങളിലും പൊലീസ് മുളകുപൊടി തേച്ചിരുന്നു. സംഭവത്തിൽ പ്രതിപക്ഷപാർട്ടികൾ സർക്കാരിനെതിരായ പ്രതിഷേധം കടുപ്പിച്ചിരുന്നു.