Headlines

സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്. മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചു.

പൂനെ വൈറോളജി ലാബിൽ നിന്ന് പരിശോധനാഫലം എത്താൻ രണ്ട് ദിവസം എടുക്കും. 88കാരനായ രോഗി രണ്ട് ദിവസമായി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് സ്രവം പരിശോധനയ്ക്കായി അയച്ചത്. തുടർന്നാണ് മഞ്ചേരിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായി കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് രോ​ഗി മരിച്ചത്. ഇദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടിക തയാറാക്കി കഴിഞ്ഞു. ഇദേഹവുമായി നേരിട്ട് കോൺടാക്ടുള്ള ആളുകളെ ഐസലേറ്റ് ചെയ്തിട്ടുണ്ട്. അതേസമയം പാലക്കാട് പാലക്കാട് സ്വദേശിനിയായ 38കാരി ഇപ്പോഴും നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ആളല്ല മരിച്ച 88കാരനെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.