പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പരുക്കേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു

പാലക്കാട്‌ ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ച് പരുക്കേറ്റ അമ്മയുടെയും മക്കളുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. പരുക്കേറ്റ 4 പേരിൽ 3 പേരെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എൽസി മാർട്ടിൻ, മക്കളായ ആൽഫിൻ, എമി എന്നിവരാണ് എറണാകുളത്ത് ചികിത്സയിൽ ഉള്ളത്. അമ്മയ്ക്കും കുട്ടികൾക്കും 60 ശതമാനത്തിൽ ഏറെ പൊള്ളലേറ്റിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് എൽസിയുടെ വീട്ടുമുറ്റത്ത് വച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രിയോടുകൂടിയാണ് പരുക്കേറ്റവരെ എറണാകുളത്തേക്ക് എത്തിച്ചത്. കുട്ടികളുടെ പൊള്ളൽ ഗുരുതര സ്വഭാവമുള്ളതെന്ന് ആശുപത്രി അധികൃതർ പറയുന്നു. അതേസമയം അപകടത്തിന് കാരണം എന്ത് എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

വീടിന് മുറ്റത്ത് നിർത്തിയിട്ട കാർ സ്റ്റാർട്ട് ആക്കിയപ്പോഴാണ് അപകടം സംഭവിച്ചത്. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. മാരുതി 800 കാർ ആണ് പൊട്ടിത്തെറിച്ചത്.