JSK വിവാദം; ‘ജാനകി വി അല്ലെങ്കിൽ വി ജാനകി എന്ന് പേര് മാറ്റണം’; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

ജാനകി VS സ്റ്റേറ്റ് ഓഫ് കേരളാ സിനിമയുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയിൽ. ജാനകി വി അല്ലെങ്കിൽ വി ജാനകി എന്ന് പേര് മാറ്റണം, ഒരു സീനിൽ ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യണം തുടങ്ങിയവയാണ് നിർദേശങ്ങൾ. 96 സീനുകൾ കട്ട് ചെയ്യേണ്ടിവരില്ലെന്നും വിശദീകരണം. കേസ് ഉച്ചയ്ക്ക് 1.40ന് കോടതി പരിഗണിക്കും. കോടതിയിൽ പ്രതീക്ഷയുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രതികരിച്ചു

ജാനകി എന്ന പേര് മാറ്റണം എന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ആവശ്യപ്പെട്ടിരുന്നത്. ജാനകി എന്ന പേര് എന്തിനു മാറ്റണമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാൽ കൃത്യമായ മറുപടി സെൻസർ ബോർഡ് നൽകിയിരുന്നില്ല. ഇതിന് പിന്നാലെ കഴിഞ്ഞദിവസം ജസ്റ്റിസ് നഗരേഷ് സിനിമ കണ്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് ഹർജി വീണ്ടും പരിഗണിക്കുന്നത്.

അപകീർത്തികരമായതോ വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയിൽ ഇല്ലെന്ന് സിനിമ കണ്ടാൽ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹർജിക്കാർ നേരത്തെ വാദിച്ചിരുന്നു. ഇതോടെയാണ് സിനിമ നേരിട്ട് കാണാമെന്ന് കോടതി തീരുമാനിച്ചത്. പൂർണമായും കോടതി നടപടികളോടെയാണ് പ്രദർശനം നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് പോലും പ്രവേശനം ഉണ്ടായിരുന്നില്ല.