ജ്യോതി മൽഹോത്രയുടെ കേരളാ സന്ദർശനം; ‘ചാരവൃത്തി ചെയ്യുന്നവരെ ബോധപൂര്‍വ്വം കൊണ്ടുവരുമോ?’; മന്ത്രി മുഹമ്മദ് റിയാസ്

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പാകിസ്താന് കൈമാറിയതിന് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണത്തെ തുടർന്നാണെന്ന വിവരാവകാശരേഖയിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.

ചാര പ്രവർത്തി ചെയ്യുന്നവരെ ബോധപൂർവ്വം കൊണ്ടുവരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ചാര പ്രവർത്തിയാണ് ഗുരുതരമുള്ള വിഷയമാണെന്നും വസ്തുതകൾ അന്വേഷിച്ചു വേണം വാർത്ത നൽകാൻ. ആരുടെയെങ്കിലും പ്രതികരണം എടുത്തിട്ടാണോ വാർത്ത നൽകേണ്ടതെന്നും മാധ്യമങ്ങളെ പഴിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. കെ സുരേന്ദ്രന് രാഷ്ട്രീയ അജണ്ട ഉണ്ടാകുമെന്നും മാധ്യമങ്ങൾ അതനുസരിച്ച് വാർത്ത നൽകരുതെന്നും ഇത്തരം പ്രചരണത്തോട് പുല്ല് വിലയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായാണ് ടൂറിസം വകുപ്പ് 41 വ്ലോഗർമാരെ കേരളത്തിലേക്ക് ക്ഷണിക്കുന്നത്. ദൃശ്യങ്ങൾ പകർത്താൻ ഉള്ള സൗകര്യം, വേതനം, ഭക്ഷണം, താമസം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ ഒരുക്കി. സ്വകാര്യ ഏജൻസിക്ക് ഇതിനുള്ള കരാറും സർക്കാർ നൽകിയിരുന്നു. വയനാടിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി 2024 ജനുവരി മുതൽ 2025 മെയ് വരെയാണ് ഇതാനായി സർക്കാർ വ്ലോഗർമാരെ ക്ഷണിച്ചിരുന്നത്. ഇതിൽ ചാരവൃത്തിക്കേസിൽ അറസ്റ്റിലായ ജ്യോതിമൽഹോത്രയും ഉൾപ്പെടുന്നത്. ഇത് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് ജ്യോതി മൽഹോത്ര കേരളത്തിൽ എത്തുന്നത്. തന്ത്രപ്രധാനമായ ഇടങ്ങൾ സന്ദർശിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ചാരവൃത്തിക്കേസുമായി കേസുമായി ബന്ധപ്പെട്ട് ജോതിമൽഹോത്രയുടെ സന്ദർശന വിവരങ്ങൾ അന്വേഷണ ഏജൻസികൾ ശേഖരിച്ചെങ്കിലും ഒന്നും പുറത്തുവിട്ടിരുന്നില്ല. അന്വേഷണം നടക്കുന്നതിന് ഇടയിലാണോ ജ്യോതി മൽഹോത്ര കേരളത്തിൽ എത്തുന്നത് എന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കിയിട്ടില്ല.

എന്നാൽ വിഷയം താൻ നേരത്തെ ഉന്നയിച്ചിരുന്നുവെന്നാണ് കെ സുരേന്ദ്രന്റെ ഫേസ് ബുക്ക്‌ പോസ്റ്റ്‌. രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറിയ കേസിൽ നിലവിൽ ജയിലിലാണ് ജ്യോതി മൽഹോത്ര.