രാജ്യം മറക്കാത്ത പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യക്കെതിരായ കണ്ടന്റ് ഉള്‍പ്പെടുത്തിയതിന് സര്‍ക്കാര്‍ നിരോധിച്ച മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദി, ഷോയിബ് അക്തര്‍, റാഷിദ് ലത്തീഫ് എന്നിവരുടെ എക്‌സ്,യൂട്യൂബ് എക്കൗണ്ടുകള്‍ ഇന്ത്യയില്‍ പുനഃസ്ഥാപിച്ചു. ഒന്നര മാസത്തിന് ശേഷമാണ് മൂന്നുപേരുടെയും സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകള്‍ തിരികെയെത്തുന്നത്.
പാകിസ്താന് വേണ്ടി അഞ്ഞൂറിലധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള അഫ്രീദി പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന് പലതവണകുറ്റപ്പെടുത്തിയിരുന്നു. മാത്രമല്ല, പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യ പറയുന്നതിന് ഇവിടുത്തെ മാധ്യമങ്ങളിലൂടെ തെളിവ് പുറത്ത് വിടാനും ഈ മുന്‍ ഓള്‍റൗണ്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഷോയിബ് അക്തറിന്റെ സോഷ്യല്‍ മീഡിയയിലെ ഇടപെടലും ആക്രമണം നേരിട്ട ഇന്ത്യക്കെതിരെയായിരുന്നു. ഇന്ത്യയിലെ എക്സില്‍ (മുമ്പ് ട്വിറ്റര്‍) ഇരുവരുടെയും അക്കൗണ്ടുകള്‍ കാണാനാകുമായിരുന്നില്ല. എന്നാല്‍ പാകിസ്താന്റെ മറ്റു ക്രിക്കറ്റ് താരങ്ങളായ ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ അക്കൗണ്ടുകള്‍ ഇന്ത്യയില്‍ കാണാനാകും.
രാജ്യത്തിനുള്ളിലേക്ക് കടന്നുകയറിയ തീവ്രവാദികള്‍ പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെയാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. തിരിച്ചടിയെന്നോണം മെയ് 7 ന് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ചിരുന്നു. മൂന്ന് ദിവസത്തെ സംഘര്‍ഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിലേക്ക് എത്തിയത്. അതേ സമയം മുന്‍ പാക് താരങ്ങളുടെ സോഷ്യല്‍മീഡിയ എക്കൗണ്ടുകള്‍ ഇന്ത്യയില്‍ കാണാനാകുന്നതിനെതിരെ ഇന്ത്യക്കാരായ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്.