Headlines

‘ഇവ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കാതലല്ല’; ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കണമെന്ന ആര്‍എസ്എസ് നിര്‍ദേശത്തിന് കേന്ദ്രമന്ത്രിമാരുടെ പിന്തുണ

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസവും മതേതരത്വവും നീക്കണമെന്ന ആര്‍എസ്എസ് നിര്‍ദേശത്തെ പിന്തുണച്ച് കേന്ദ്രമന്ത്രിമാര്‍. മതേതരത്വവും സോഷ്യലിസവും ഇന്ത്യക്ക് ആവശ്യമില്ലെന്നും വസുധൈവ കുടുംബകം എന്നതിലൂടെ നിലപാട് വ്യക്തമെന്നും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഭരണഘടന ഭേദഗതി വരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നും എന്നാല്‍, അടിസ്ഥാനഘടനയില്‍ മാറ്റംവരുത്താന്‍ കഴിയില്ലെന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു.

ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബല്ലെയെ പിന്തുണച്ച്, ഭരണഘടനയുടെ ആമുഖം പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയര്‍ത്തുകയാണ് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇന്ത്യക്ക് സോഷ്യലിസത്തിന്റെ ആവശ്യമില്ലെന്നും മതേതരത്വം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ കാതലല്ലെന്നും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത് അടിയന്തരാവസ്ഥകാലത്താണ്, ഇത് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച വേണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലെ ‘സോഷ്യലിസ്റ്റ്’, ‘മതേതരം’ എന്നീ വാക്കുകള്‍ പുനഃപരിശോധിക്കാനുള്ള ആര്‍എസ്എസിന്റെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും രംഗത്തെത്തിയിരുന്നു.