തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് മന്ത്രി വി ശിവന്‍കുട്ടിയോട് കെ സുരേന്ദ്രന്‍. ഭാരതാംബ വിവാദത്തിലാണ് പ്രതികരണം. ശിവന്‍കുട്ടി പഴയ സിഐടി യു ഗുണ്ട അല്ല, മന്ത്രിയാണെന്നും മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണ് എന്നാണ് കെ സുരേന്ദ്രന്‍ കുറിച്ചത്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
ശിവന്‍കുട്ടി പഴയ സിഐടിയു ഗുണ്ട അല്ല. മന്ത്രിയാണ്. മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നത് ജനാധിപത്യപരമാണ്. അതിനോട് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല. മന്ത്രിമാര്‍ക്കെതിരെ മാത്രമല്ല മുഖ്യമന്ത്രിക്കെതിരെയും പ്രതിഷേധിക്കും. കോണ്‍ഗ്രസുകാരോട് എടുക്കുന്ന രക്ഷാപ്രവര്‍ത്തനം ഞങ്ങളോട് വേണ്ട. ഡിഫി ഗുണ്ടകളെ സിപിഎം നേതൃത്വം നിലയ്ക്ക് നിര്‍ത്തുന്നതാണ് അവര്‍ക്കു നല്ലത്. വെറുതെ തീകൊള്ളി കൊണ്ട് തല ചൊറിയാന്‍ നില്‍ക്കണ്ട – അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, ഭാരതാംബ ചിത്രവിവാദത്തിലെ എബിവിപി പ്രതിഷേധത്തെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. പതിയിരുന്നല്ല സമരം നടത്തേണ്ടത്. എബിവിപി പ്രവര്‍ത്തിക്കുന്നത് ആത്മഹത്യാ സ്‌ക്വാഡിനെ പോലെ എന്നാണ് പരിഹാസം. രാജ്ഭവനിലുണ്ടായ സംഭവത്തിന് ശേഷം എബിവിപി, കെഎസ്‌യു, യുവമോര്‍ച്ച സംഘടനകളുടെ നേതൃത്വത്തില്‍ എന്നെ ആക്രമിക്കുന്നു. എന്നെ തടയുന്നു. എന്തിന് വേണ്ടിയാണ് എന്റെ കാര്‍ തടയുന്നതെന്ന് എനിക്ക് അറിയില്ല. ആത്മഹത്യ സ്‌ക്വാഡ് ചെയ്യുന്നത് പോലെ കാറിന് മുന്നില്‍ എടുത്ത് ചാടുന്നു. അവരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ല. സമരം പ്രഖ്യാപിച്ചിട്ട് നടത്തണം. പതിയിരുന്നല്ല സമരം നടത്തേണ്ടത്. എബിവിപിയുടെ ഏഴ് പേരാണ് വണ്ടി തടയാന്‍ വന്നത്. ഒരു സംഘടനയുടെ അവസ്ഥയാണ്. എബിവിപികാരെക്കാള്‍ പത്രക്കാര്‍ ഉണ്ടായിരുന്നു. കോഴിക്കോട് 6 സ്ഥലത്ത് വച്ച് വാഹനം തടഞ്ഞു – അദ്ദേഹം പറഞ്ഞു.
അതിനിടെ, വിഷത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ് ഇടത് സംഘടനകളും.





