സംസ്ഥാനത്ത് കെ-റെയില്‍ വിരുദ്ധ സമരം കടുക്കുന്നു; കോട്ടയത്തും മലപ്പുറത്തും എറണാകുളത്തും പ്രതിഷേധം

 

സംസ്ഥാനത്ത് കെ-റെയില്‍ കല്ലിടലിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. കെ-റെയിൽ ഉദ്യോഗസ്ഥർ എത്തുമെന്നറിഞ്ഞതിനെ തുടർന്ന് കോട്ടയം നട്ടാശേരിയിൽ ജനങ്ങൾ പ്രതിഷേധിക്കുന്നു. മലപ്പുറം തിരുന്നാവായയിൽ കല്ലിടൽ താത്കാലികമായി നിർത്തിവെച്ചു. നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് നടപടി. കോഴിക്കോട് മീഞ്ചന്തയില്‍ കെ റെയില്‍ കല്ല് പിഴുത് മാറ്റി.

അതേസമയം കെ-റെയിലിനെതിരായ പ്രതിഷേധങ്ങളെ സംയമനത്തോടെ നേരിടണമെന്ന് ഡി.ജി.പി അനില്‍കാന്ത്. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടവും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ബോധവത്ക്കണം നടത്തണം. ജില്ലാ പൊലീസ് മേധാവി മാർക്കാണ് ഡിജിപിയുടെ നിർദ്ദേശം. സമരക്കാർക്കെതിരായ പൊലീസ് ബലപ്രയോഗം വിവാദമായ പശ്ചാതലത്തിലാണ് ഡിജിപിയുടെ നിർദേശം.

സില്‍വര്‍ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വീണ്ടും വ്യക്തമാക്കി. സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാരണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും സതീശന്‍ പറഞ്ഞു.

അതേസമയം കെ -റെയിൽ കല്ലുകൾ പിഴുതെറഞ്ഞാൽ പദ്ധതി ഇല്ലാതാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ഥലം നഷ്ടപ്പെടുന്നവരുടെ സമരമല്ല നടക്കുന്നത്. ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള രാഷ്ട്രീയ സമരമാണ് നടക്കുന്നത്. ചങ്ങനാശേരി സമരകേന്ദ്രമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.