കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തി മന്ത്രി വീണ ജോർജ്

 

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നേരിട്ടെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഓൺലൈനായി യോഗം ചേരാനാണ് തീരുമാനം. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടിപ്പോകുന്ന സാഹചര്യമുണ്ടായിരുന്നു.

കുതിരവട്ടത്തെ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ കൂടുതൽ തുക കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു. മാനസിക ആരോഗ്യ മേഖലയിൽ പ്രധാനപ്പെട്ട ഇടപെടലുകളും പരിഹാരവും ഉണ്ടാകും, പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മാനസിക ചികിത്സ നൽകാനുള്ള ഇടപെടൽ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. 400 ൽ അധികം അന്തേവാസികളാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്നത്. എന്നാൽ അവർക്കനുസൃതമായ കിടക്കകൾ ലഭ്യമല്ല.

നിലവിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം പഴയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. കെട്ടിടം പുതുക്കി പണിയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. രോഗം ഭേദമായിട്ടും 48 പേർ പോകാനിടമില്ലാതെ കഴിയുകയാണ്. ഇവരെ ബന്ധുക്കൾ ഏറ്റെടുക്കുന്നതിനു വേണ്ട ശ്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.