പഞ്ചാബിൽ വമ്പൻമാരെ മലർത്തിയടിച്ച് ആം ആദ്മി; സിദ്ദുവും ഛന്നിയും അമരീന്ദറും തോൽവിയിലേക്ക്

 

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പഞ്ചാബിൽ വൻ മുന്നേറ്റം കാഴ്ച വെച്ച് ആം ആദ്മി പാർട്ടി. ഫലസൂചനകൾ പുറത്തുവന്ന സീറ്റുകളിൽ 93 എണ്ണത്തിലും ആം ആദ്മി പാർട്ടി മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് 19 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്

ശിരോമണി അകാലിദൾ രണ്ട് സീറ്റുകളിലും ബിജെപി മൂന്ന് സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. ഡൽഹിക്ക് പുറമെ പഞ്ചാബിലും ആം ആദ്മി പാർട്ടി ഭരണമുറപ്പിച്ച് കഴിഞ്ഞു. ഇതോടെ കോൺഗ്രസിന് ഉപരിയായി ബിജെപിക്കൊരു ബദൽ എന്ന രീതിയിലേക്കാണ് ആം ആദ്മി പാർട്ടിയുടെ വളർച്ച

ആംആദ്മിയുടെ അപ്രതീക്ഷിത കുതിപ്പിൽ പഞ്ചാബിൽ വമ്പൻമാർക്കാണ് അടി പതറിയത്. പിസിസി പ്രസിഡന്റായ നവ്‌ജ്യോത് സിംഗ് സിദ്ദു അമൃത്സർ ഈസ്റ്റിൽ പിന്നിലാണ്. കോൺഗ്രസിന്റെ മുഖ്യമന്ത്രി ഛരൺജിത്ത് സിംഗ് ഛന്നി മത്സരിച്ച രണ്ട് സീറ്റുകളിലും പിന്നിലാണ്. കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും പിന്നിലാണ്.