ഹിജാബ് വിവാദത്തിൽ വിമർശനവുമായി അബ്ദുള്ളക്കുട്ടി; ഭാര്യ ഹിജാബ് ധരിക്കുന്നയാളാണെന്ന് വിമർശനം

 

ഹിജാബ് വിവാദത്തിൽ പ്രതികരിച്ച ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിക്ക് സോഷ്യൽ മീഡിയയിൽ വിമർശനം. ഇന്ത്യയുടെ സംസ്കാരത്തിന് വിരുദ്ധമായ വസ്ത്രധാരണമാണ് ഹിജാബ് എന്ന് അബ്ദുള്ളക്കുട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ അബ്ദുള്ളക്കുട്ടിയുടെ പങ്കാളിയുടെ വേഷത്തെ ചൂണ്ടിക്കാണിച്ച സോഷ്യൽ മീഡിയ വിമർശനവുമായി രം​ഗത്തുവന്നു. ഭാര്യയുടെ വേഷം ഹിജാബും പർദ്ദയുമായിരിക്കെ ഇത്തരത്തിലുള്ള രാഷ്ട്രീയ പ്രസ്താവനയുടെ ഔചിത്യമെന്താണെന്നും വിമർശകർ ചോ​ദിച്ചു.

ഹിജാബ് വിവാദം അനാവശ്യമാണ്. ബുർഖ നമ്മുടെ സംസ്കാരത്തിന്റെ വേഷമല്ല. ശരീരമാസകലം മൂടുന്ന താലിബാന്റെ വേഷമാണ് അത്. അത് സ്ത്രീ വിരുദ്ധമാണ്. നമ്മെ തമ്മിലടിപ്പിക്കാൻ ചില ദേശവിരുദ്ധ ശക്തികൾ രംഗത്തിറങ്ങിയിരിക്കുകയാണ്. എന്റെ സമുദായത്തിലെ ദേശീയ മുസ്ലിംങ്ങൾ അത് തിരിച്ചറിയുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സ്വന്തം മാതാവിന്റെയും ചിത്രത്തിനൊപ്പമാണ് ഇക്കാര്യങ്ങൾ അബ്ദുള്ളക്കുട്ടി കുറിക്കുന്നത്. ഹിജാബ് യൂണിഫോമിനൊപ്പം ധരിക്കുന്നതിൽ ആരും എതിരല്ലെന്നും മറ്റൊരു പോസ്റ്റിൽ അദ്ദേഹം അവകാശപ്പെടുന്നുണ്ട്.