കുട്ടികള്‍ക്ക് സംസാരം വൈകുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

 

മൂന്നു വയസ്സായ കുട്ടിക്ക് എല്ലാം അറിയാം. പക്ഷേ അറിയാവുന്ന കാര്യങ്ങൾ കൈചൂണ്ടി ആവശ്യപ്പെടുകയുള്ളൂ. ഡോക്ടറെ കാണിക്കേണ്ട ആവശ്യം ഉണ്ടോ? കുട്ടി തനിയെ സംസാരിച്ചു തുടങ്ങുമോ?

നാലുവയസ്സുകാരി മിടുക്കി. പക്ഷേ ഉച്ചരിക്കുന്ന വാക്കുകൾ കുറവ്, സ്ഫുടമായി സംസാരിക്കുന്നില്ല. ഇതൊന്നും ഒറ്റപ്പെട്ട കേസുകളല്ല. അനേകം കുട്ടികൾക്ക് സംസാര വൈകല്യം എന്ന പ്രശ്നമുണ്ട്. പക്ഷേ ചികിത്സ തേടാൻ വൈകുന്നത് കാര്യങ്ങളെ കൂടുതൽ കുഴപ്പത്തിലാകും.

ഒരു കുഞ്ഞിന്റെ വളർച്ചയിൽ സമൂഹത്തിനും അതിന്റെ ചുറ്റുപാടിനും വലിയ പങ്കാണുള്ളത്. വീട്ടിൽ എല്ലാവരുമായി സംസാരിക്കാനും ഇടപഴകാനും സാധിക്കുന്ന കുട്ടികൾക്ക് സംസാരിക്കാൻ പെട്ടെന്ന് സാധിക്കും. ഈ കൊറോണക്കാലത്ത് കുട്ടികൾക്ക് മറ്റുള്ളവരുമായി ഇടപഴകാനും മറ്റു കുട്ടികളുമായി കളിക്കുവാൻ ഉള്ള സാഹചര്യം വളരെ കുറവാണ്.

സംസാരിച്ചു തുടങ്ങുന്ന സമയത്ത് സാധാരണയായി ബുദ്ധിമുട്ട് നേരിടുന്ന കുഞ്ഞുങ്ങൾക്ക് മുൻപ് അംഗൻവാടികൾ, പ്ലേ സ്കൂളുകൾ എന്നിവിടങ്ങളിൽ പോവാനുള്ള സാഹചര്യമുണ്ടായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ വീടിനുള്ളിൽ കഴിഞ്ഞുകൂടുന്ന അനേകം കുട്ടികളിൽ സംസാരം വൈകുന്നതായി കണ്ടുവരുന്നു. അമിതമായ സ്ക്രീൻ ടൈം മൊബൈൽഫോൺ, ടി.വി. ഇവയുടെ ഉപയോഗം കുട്ടികളുടെ വളർച്ചയെ കാര്യമായി ബാധിക്കുന്നു. പെരുമാറ്റ പ്രശ്നങ്ങൾ, സംസാര വൈകല്യം എന്നിവ കുട്ടികളിൽ കൂടുതലാണ്.

ആശയവിനിമയത്തിന് പ്രധാനമായും മൂന്ന് മാർഗങ്ങളാണ് ഉള്ളത്. സംസാരം, ഭാഷ, ആശയവിനിമയ മാർഗ്ഗം എന്നീ മൂന്ന് കാര്യങ്ങളാണ് കുട്ടികൾക്ക് പ്രശ്നമുള്ളതായി കാണുന്നത്.

സംസാര വൈകല്യത്തിന്റെ കാരണങ്ങൾ എന്തൊക്കെ?

പാരമ്പര്യം, ജനിതക തകരാറുകൾ, ചെവിപഴുപ്പ് എന്നിവ തുടർച്ചയായി വരുന്നത് കേൾവി തകരാറിലേക്ക് നയിക്കാം. ജനനസമയത്ത് ഉള്ള പ്രശ്നങ്ങൾ, തലച്ചോറിന് ക്ഷതം സംഭവിക്കുക, ബഹുഭാഷാ സംസാരിക്കുന്ന മാതാപിതാക്കൾ എന്നിവ കുട്ടികളിലെ സംസാര വൈകല്യത്തിന് കാരണമാകാം.

സാധാരണ കുട്ടികളുടെ സംസാരം ഇങ്ങനെ

ഒരു വയസ്സ്:പേര് വിളിച്ചാൽ തിരിച്ചറിയാം
രണ്ടു വയസ്സ്:രണ്ടു വാക്ക് കൂട്ടി വാക്യം പറയും.
മൂന്ന് വയസ്സ്: മൂന്നു വാക്ക് കൂട്ടി പറയും.
നാലു വയസ്സ്: കഥ പറയും
അഞ്ചു വയസ്സ്: അനുഭവങ്ങൾ പറയും.

എപ്പോഴാണ് കുട്ടിക്ക് ശ്രദ്ധ വേണ്ടത്? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

ഒരു വയസ്സായിട്ടും കുട്ടി ആശയവിനിമയത്തിന് കൈ ചൂണ്ടുക/ Babbling ചെയ്യുന്നില്ല.
ചെറിയ നിർദേശങ്ങൾ പോലും മനസ്സിലാകുന്നില്ല
രണ്ടു വാക്ക് ചേർത്ത് വാക്യം രണ്ടു വയസ്സായിട്ടും സംസാരിക്കുന്നില്ല.
മൂന്നു വയസ്സിൽ മൂന്ന് വാക്ക് ചേർത്ത് ഉച്ചരിക്കുന്നില്ല.
4. *സംസാര വൈകല്യം ഉണ്ടെന്ന് മനസ്സിലായാൽ എന്താണ് ചെയ്യേണ്ടത്?*

കുട്ടിക്ക് സംസാര വൈകല്യം ഒരു ലക്ഷണമായി കരുതുക. തീർച്ചയായും ഒരു ശിശുരോഗ വിദഗ്ധനെ കാണണം. കുഞ്ഞിന്റെ വളർച്ച, വളരുന്ന സാഹചര്യം, ഹോർമോൺ തകരാറുകൾ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കുകയും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല എന്ന് ഉറപ്പിക്കേണ്ടതും പ്രധാനമാണ്. ഒപ്പം തന്നെ സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റിനെ കുട്ടിയെ പരിശോധിക്കുകയും ചികിത്സ നിശ്ചയിക്കുകയും വേണം.

*എന്താണ് സ്പീച്ച് തെറാപ്പി ചികിത്സ?*

സംസാര വൈകല്യത്തിന് ആവശ്യമായ ചികിത്സ തെറാപ്പിയാണ്. ഒരു സ്പീച്ച് തെറാപ്പിസ്റ്റിന്റെ സേവനം തീർച്ചയായും തേടണം. ചികിത്സ തേടാൻ വൈകുന്നത്, വൈകല്യം മാറുന്നത് വൈകും. കുട്ടി സ്കൂളിൽ പോകാൻ തുടങ്ങുമ്പോൾ തനിയെ മാറും എന്ന് കരുതി പരിശോധിക്കുവാനും ചികിത്സിക്കാനും വൈകരുത്.

കുട്ടികൾ താൽപര്യം കാണിക്കുന്ന കളികളിലൂടെയാണ് ചികിത്സ. ചികിത്സയ്ക്കൊപ്പം കുട്ടികളുടെ മാതാപിതാക്കൾ, കുടുംബാംഗങ്ങൾ അടുത്തിടപഴകുന്നവർ എന്നിവർ ഒപ്പം കളിക്കുവാനും കഥകൾ പറയുവാനും ശ്രമിക്കുക. കുഞ്ഞുങ്ങൾ ആഹാരം കഴിപ്പിക്കുന്ന സമയം, മൊബൈൽഫോൺ കാണിച്ച് കഴിപ്പിക്കുന്നത് ഒഴിവാക്കുക. പകരം കഥകളും പാട്ടുകളുമായി കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുക.