കണ്ണൂർ ബോംബേറ് കൊല: ഒരാൾ അറസ്റ്റിൽ, മുഖ്യ പ്രതി സംസ്ഥാനം വിട്ടതായി സൂചന

 

കണ്ണൂർ തോട്ടടയിൽ യുവാവിനെ ബോംബെറിഞ്ഞ് കൊന്ന കേസിൽ ഒരാൾ അറസ്റ്റിൽ. എച്ചൂർ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് മൃതദേഹം മാറ്റാൻ വൈകിയതിനെ വീഴ്ചയായി കാണാൻ കഴിയില്ലെന്നും തലയോട്ടി ചിന്നിച്ചിതറിയ സ്ഥലത്ത് സയന്റിഫിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും എ സി പി സദാനന്ദൻ പറഞ്ഞു

റിജുൽ, സനീഷ്, ജിജിൽ എന്നീ മൂന്ന് പേരെ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. ഈ ബോംബ് ജിഷ്ണുവിന്റെ തലയിൽ വീണ് പൊട്ടിച്ചിതറുകയായിരുന്നു. ജിഷ്ണുവും ഇവർക്കൊപ്പം തന്നെ വന്നതാണ്. മിഥുൻ എന്നയാളും ബോംബ് എറിഞ്ഞിരുന്നു. ഇയാൾ സംസ്ഥാനം വിട്ടതായാണ് സൂചന

ചാല പന്ത്രണ്ട് കണ്ടി സിന്ദൂരം വീട്ടിൽ ഷമൽ രാജിന്റെ വിവാഹ ചടങ്ങുകൾക്കിടെയാണ് ബോംബേറുണ്ടായത്. വധുവരൻമാരെ ആനയിച്ചു കൊണ്ടുവരുന്നതിനിടെയായിരുന്നു ആക്രമണം. വരന്റെ സുഹൃത്തുക്കളായ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ പ്രശ്‌നമാണ് ബോംബേറിൽ കലാശിച്ചത്.