പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളിൽ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള യുപി സർക്കാർ നീക്കത്തെ വിമർശിച്ച് സുപ്രീം കോടതി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നൽകിയ നോട്ടീസ് യുപി സർക്കാർ പിൻവലിച്ചില്ലെങ്കിൽ റദ്ദാക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് മുന്നറിയിപ്പ് നൽകി
സർക്കാർ പരാതിക്കാരനെയും വിധി കർത്താവിനെയും പ്രോസിക്യൂട്ടറെയും പോലെ ഒരേ സമയം പ്രവർത്തിക്കുകയാണ്. ഇത് നിയമവിരുദ്ദമാണെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കാൻ അവസാന അവസരം നൽകുകയാണ്. ഫെബ്രുവരി 18നകം നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ കോടതി നേരിട്ട് നോട്ടീസ് റദ്ദാക്കും.
സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 106 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 833 പേർ പ്രതികളാണെന്നും യുപി സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ഇവരുടെ വസ്തുവകകൾ കണ്ടുകെട്ടാനായി 274 നോട്ടീസുകളാണ് സർക്കാർ ഇറക്കിയത്. ഇതിൽ 236 നോട്ടീസുകളിൽ ഉത്തരവിറക്കി കണ്ടുകെട്ടൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും സർ്കാർ വ്യക്തമാക്കി.